വൈദ്യുതി നിരക്ക് വര്‍ധനയ്ക്ക് കെഎസ്ഇബി നല്കിയ അപേക്ഷയില്‍ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന് നടത്തുന്ന പൊതുതെളിവെടുപ്പ് ഇന്ന് അവസാനിക്കും. തിരുവനന്തപുരം പഞ്ചായത്ത് അസോസിയേഷന് ഹാളില്‍ ഇന്നു രാവിലെ 10.30 മുതലാണ് അവസാനദിന തെളിവെടുപ്പ് നടക്കുക. കോഴിക്കോട്, എറണാകുളം, പാലക്കാട് എന്നിവിടങ്ങളിലാണ് ഇതിനു മുന്‍പ് തെളിവെടുപ്പ് നടന്നത്.
വേനല്‍ക്കാലത്തെ വര്‍ധിച്ച വൈദ്യുതി ഉപയോഗത്തിന് സമ്മര്‍ ചാര്‍ജ് ഉള്‍പ്പെടെ നിര്‍ദേശിച്ചാണ് കെഎസ്ഇബി വൈദ്യുതി നിരക്ക് വര്‍ധനയ്ക്കായി കമ്മീഷന് അപേക്ഷ നല്‍കിയിട്ടുള്ളത്.
അടുത്ത മൂന്നു വര്‍ഷത്തെ നിരക്ക് വര്ധനയ്ക്കായ് സമര്‍പ്പിച്ച അപേക്ഷയില്‍ ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് യൂണിറ്റിന് 30 പൈസയുടെ വരെ വര്‍ധനയും ജനുവരി മുതല്‍ മേയ് വരെയുള്ള വേനല്‍ക്കാലത്ത് 10 പൈസ അധിക നിരക്കും ആവശ്യപ്പെടുന്നു.
വൈദ്യുതി ഉപയോഗം കൂടതലുള്ള പീക്ക് സമയത്ത് 250 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് നിരക്ക് കൂട്ടണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടിട്ടുണ്ട്.