സെക്രട്ടേറിയറ്റ് ശുചീകരണം: മാലിന്യം മാറ്റാൻ ഒമ്പതു ലക്ഷം!
Tuesday, September 10, 2024 1:48 AM IST
തിരുവനന്തപുരം: ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിന്റെ ശുചീകരണത്തിനായി ചെലവഴിച്ചത് 8.92 ലക്ഷം രൂപ. വേസ്റ്റ് ബിന്നിൽ ഉപയോഗിക്കുന്നത് അടക്കമുള്ള പ്ലാസ്റ്റിക് ചാക്കിനു മാത്രമായി 85,000 രൂപ ചെലവഴിച്ചതായും കഴിഞ്ഞ ദിവസങ്ങളിലായി സെക്രട്ടേറിയറ്റ് ഹൗസ് കീപ്പിംഗ് വിഭാഗം വ്യക്തമാക്കുന്നു.
ശുചീകരണത്തിന് ആവശ്യമായ സാധനങ്ങൾ വാങ്ങിയ വകയിൽ മാത്രം 8.07 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ട്.
സിപിഎം നിയന്ത്രണത്തിലുള്ള സ്റ്റാഫ് സർവീസ് സഹകരണസംഘത്തിനാണ് സെക്രട്ടേറിയറ്റ് ഹൗസ് കീപ്പിംഗ് വിഭാഗം തുക അനുവദിച്ചത്.
വിവിധ ഉത്തരവുകളിലായി ശുചീകരണത്തിന് ആവശ്യമായ സാധനങ്ങൾ വാങ്ങിയതിനുള്ള 4.99 ലക്ഷം, 1.29 ലക്ഷം, 1.41 ലക്ഷം, 37625, 85000 തുടങ്ങിയ തുകകളുടെ ബില്ലുകളാണ് അനുവദിച്ചത്. എന്നാൽ, എന്തു സാധനങ്ങളാണു വാങ്ങിയതെന്ന് വ്യക്തമാക്കിയിട്ടില്ല.
സാധാരണയായി തുക അനുവദിച്ചു കൊണ്ട് ഉത്തരവിറക്കുന്പോൾ എന്തു സാധനമാണ് വാങ്ങിയതെന്നു വ്യക്തമാക്കാറുണ്ട്.
ഇതെല്ലാം കാറ്റിൽ പറത്തിയാണ് ഹൗസ് കീപ്പിംഗ് വിഭാഗത്തിന്റെ ഉത്തരവുകൾ. സിപിഎം അനുകൂല സർവീസ് സംഘടനയുടെ മുൻ ചുമതലക്കാരനാണ് സെക്രട്ടേറിയറ്റ് ഹൗസ് കീപ്പിംഗ് വിഭാഗത്തിന്റെ ചുമതലയുള്ളത്.
സെക്രട്ടേറിയറ്റിൽനിന്ന് ആക്രി സാധനങ്ങൾ ലോറികളിൽ കടത്തിയതായി നേരത്തേ ആരോപണം ഉയർന്നിരുന്നു. നിരവധി ലോറികളിലായാണ് ആക്രി സാധനങ്ങൾ പുറത്തേക്കു കൊണ്ടുപോയത്.