കൂടിക്കാഴ്ച ഗുരുതരം: ബിനോയ് വിശ്വം
Sunday, September 8, 2024 2:25 AM IST
കൊച്ചി: ക്രമസമാധാന ചുമതലയുള്ള എഡിജിപി അജിത്കുമാര്‍ ഉന്നതനായ ആര്‍എസ്എസ് നേതാവുമായി നടത്തിയ കൂടിക്കാഴ്ച അതീവ ഗൗരവത്തോടെയാണു കാണുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എന്തു കാര്യമാണ് എഡിജിപിക്ക് ആര്‍എസ്എസ് നേതാവുമായി ചര്‍ച്ച ചെയ്യാനുള്ളതെന്ന് ജനത്തെ അറിയിക്കണം.
ആര്‍എസ്എസുമായി ഇടതുമുന്നണിക്ക് രാഷ്ട്രീയപരമായോ ആശയപരമായോ സൈദ്ധാന്തികമായോ ഒരു ബന്ധവുമില്ല. അത്തരത്തിലുള്ള സാഹചര്യത്തില്‍ രഹസ്യസന്ദര്‍ശനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ അജിത്കുമാര്‍ തയാറാകണം.
തൃശൂര്‍ പൂരം കലക്കുന്നതില്‍ പ്രധാന പങ്കുണ്ടെന്ന് കരുതുന്ന ഒരു സംഘടനയുടെ നേതാവിനെയാണ് എഡിജിപി കണ്ടെതെന്നതും പ്രശ്നം സങ്കീര്‍ണമാക്കുന്നു.
തൃശൂര്‍ പൂരം വെടിക്കെട്ട് തടഞ്ഞതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കുന്ന സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചശേഷം ഇക്കാര്യത്തില്‍ അഭിപ്രായം പറയാമെന്നും ബിനോയ് വിശ്വം പറഞ്ഞു.