കാരിത്താസ് മാതാ ആശുപത്രി പ്രവർത്തനം തുടങ്ങി
Sunday, September 8, 2024 1:42 AM IST
കോട്ടയം: ആതുരശുശ്രൂഷാരംഗത്ത് തലമുറകള്‍ക്ക് കരുതലും കാവലുമായി മാറിയ കാരിത്താസ് ആശുപത്രിയുടെ സേവനങ്ങള്‍ക്ക് തെള്ളകം കാരിത്താസ് മാതാ മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രിയിലും തിരിതെളിഞ്ഞു.
63 വര്‍ഷം മുന്‍പ് കോട്ടയം തെള്ളകത്ത് ലളിതമായി തുടക്കം കുറിച്ച കാരിത്താസ് ആശുപത്രി അനേകരുടെ സമര്‍പ്പിത സേവനഫലമായി മധ്യതിരുവിതാംകൂറിലെ മുന്‍നിര ശുശ്രൂഷാലയമായി വളര്‍ന്നതിനുള്ള സാക്ഷ്യമായി മാറി പ്രൗഢമായ ഉദ്ഘാടനസമ്മേളനം.
ശാരീരികവും മാനസികവുമായ സൗഖ്യം ഏവര്‍ക്കും ഉറപ്പാക്കാന്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന സ്ഥാപനമാണ് കാരിത്താസ് എന്നും രോഗിയോടും അവരുടെ കുടുംബത്തോടും അനുകമ്പയും സ്നേഹവും മനുഷ്യത്വവും പുലര്‍ത്തുന്നതില്‍ കാരിത്താസ് കൂട്ടായ്മ ഒരുമയോടെ വര്‍ത്തിക്കുന്നുവെന്നും അധ്യക്ഷപ്രസംഗത്തില്‍ ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് പറഞ്ഞു.
കേരള സമൂഹത്തിന് കാരിത്താസ് ആശുപത്രി ഉറപ്പാക്കുന്ന സേവനവും ശുശ്രൂഷയും ഉദാത്തവും മാതൃകാപരവുമാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത മന്ത്രി വി.എന്‍. വാസവന് പറഞ്ഞു.
പരമാവധി കുറഞ്ഞ ചെലവില്‍ ഏറ്റവും ഉന്നതമായ ചികിത്സ നല്‍കുകയാണ് കാരിത്താസ് ആശുപത്രികളുടെ ലക്ഷ്യമെന്ന് കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ പറഞ്ഞു.
വിവിധ പ്രദേശങ്ങളിലായി ഇതോടകം കാരിത്താസ് അഞ്ച് ആശുപത്രികള്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിപ്പിക്കുക വഴി പരമാവധി സേവനം ഗ്രാമീണമേഖലയിലും ഉറപ്പാക്കാന്‍ ശ്രമിക്കുന്നതായി കാരിത്താസ് ആശുപത്രി ഡയറക്ടര്‍ റവ. ഡോ. ബിനു കുന്നത്ത് സ്വാഗതപ്രസംഗത്തില്‍ പറഞ്ഞു.
കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് പി.എ. ബാബു പറമ്പടത്തുമലയില്‍, ഏറ്റുമാനൂര്‍ നഗരസഭാധ്യക്ഷ ലൗലി ജോര്‍ജ് പടിക്കര, കാരിത്താസ് ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ.ബോബി എന്‍. ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.
മാതാ ആശുപത്രി മാനേജ്മെന്റിനെ ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് ആദരിച്ചു.
കോഫി ടേബിള്‍ ബുക്ക് പ്രകാശനം മാര്‍ ജോസഫ് പണ്ടാരശേരില്‍ കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപിക്ക് കോപ്പി നല്കി നിര്‍വഹിച്ചു.