കാരാഗൃഹവാസം കഴിയുന്നു ; അബ്ദുള്‍റഹിം ഒരാഴ്ചയ്ക്കകം മോചിതനാകും
Sunday, September 8, 2024 1:12 AM IST
കോഴിക്കോട്: കാരാഗൃഹവാസത്തിന്റെ ഇരുണ്ട നാളുകളില്‍നിന്ന് കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹിമിനു മോചനമാകുന്നു. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് പതിനെട്ടു വര്‍ഷമായി സൗദി ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹിമിന്റെ മോചനം ഒരാഴ്ചയ്ക്കകം ഉണ്ടാകുമെന്നാണു സൂചന. ജയില്‍ മോചനത്തിനുള്ള ഉത്തരവ് ഇറങ്ങി.
നാട്ടിലേക്കു മടങ്ങാന്‍ പാസ്പോര്‍ട്ടിന് അപേക്ഷ നല്‍കിയിട്ടുണ്ട്. പാസ്പോര്‍ട്ട് കിട്ടുന്ന മുറയ്ക്കു ജയിലില്‍നിന്ന് പുറത്തിറങ്ങുമെന്ന് റഹിമിനെ ജയില്മോചിതനാക്കുന്നതിനുവേണ്ടി രൂപീകരിച്ച കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
ഇന്ത്യന്‍ എംബസി മുഖേനയാണ് രണ്ടാഴ്ച മുമ്പ് പാസ്പോര്‍ട്ടിന് അപേക്ഷ നല്‍കിയിട്ടുള്ളത്. പാസ്പോര്‍ട്ടിന്റെ നടപടിക്രമങ്ങള്‍ക്ക് ചുരുങ്ങിയത് മൂന്നാഴ്ച വേണം. അടുത്ത ദിവസംതന്നെ പാസ്പോര്‍ട്ട് കിട്ടുമെന്നാണ് പ്രതീക്ഷ.
പാസ്പോര്‍ട്ട് കിട്ടിയാല്‍ വിമാനടിക്കറ്റ് എടുത്ത് ഇന്ത്യയിലേക്കു കയറ്റിവിടും. ജയിലില്‍നിന്ന് നേരിട്ട് വിമാനത്താവളത്തിലേക്കാണ് കൊണ്ടുപോകുക.
ഗവര്‍ണറേറ്റ്, പബ്ലിക് പ്രോസിക്യൂഷന്, കോടതി നടപടികള്‍ എന്നിവയെല്ലാം പൂര്‍ത്തിയാക്കി ജയില്‍ അധികൃതരുടെ അടുത്താണ് ഇപ്പോള്‍ മോചന ഉത്തരവുള്ളത്. റിയാദില്‍ രൂപീകരിച്ച റഹിം സഹായ സമിതിയാണ് റിയാദിലെ എംബസിയുമായും നിയമജ്ഞരുമായും ബന്ധപ്പെട്ട് മോചനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
കോഴിക്കോട് കോടമ്പുഴ സ്വദേശിയായ അബ്ദുള്‍ റഹിമിന്റെ വധശിക്ഷ റിയാദ് ക്രിമിനല്‍ കോടതി ജൂലൈ രണ്ടിനാണ് റദ്ദാക്കിയത്. വെര്‍ച്വല്‍ സംവിധാനത്തിലൂടെ റഹിമിനെ കണ്ട കോടതി ശിക്ഷ റദ്ദാക്കി ഉത്തരവിടുകയായിരുന്നു.
കോടതിയില്‍ ഇന്ത്യന്‍ എംബസി കെട്ടിവച്ച ഒന്നരക്കോടി റിയാലിന്റെ ചെക്ക് കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബത്തിന്റെ പവര്‍ ഓഫ് അറ്റോര്‍ണിക്ക് കൈമാറുകയും ചെയ്തിരുന്നു.
സ്പോണ്‍സറുടെ ചലനശേഷി നഷ്ടപ്പെട്ട മകനെ കൊലപ്പെടുത്തിയെന്ന കേസില്‍ പതിനെട്ടുവര്‍ഷമായി ജയിലില്‍ കഴിയുകയാണ് അബ്ദുള്‍ റഹിം. മോചനത്തിനുള്ള ദയാധനം ആഗോളതലത്തിലുള്ള മലയാളികളാണ് സമാഹരിച്ചുനല്‍കിയത്.