പി.എം. തങ്കമ്മ, 74 വയസ്; ബികോം ഓണേഴ്സ് സ്റ്റുഡന്റ്
Saturday, September 7, 2024 12:01 AM IST
ഇലഞ്ഞി: 74-ാം വയസിൽ ബികോം ഓണേഴ്സ് പഠനത്തിന് റെഗുലർ കോളജിൽ അഡ്മിഷൻ നേടി പി.എം. തങ്കമ്മ താരമായി.
എംജി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളജിൽ ക്യാപ് മുഖേനയാണ് തങ്കമ്മ അഡ്മിഷൻ നേടിയത്. ചെറുപ്പകാലത്ത് തനിക്കു നിഷേധിക്കപ്പെട്ട വിദ്യാഭ്യാസം തിരിച്ചുപിടിക്കുകയാണ് തങ്കമ്മച്ചേടത്തിയുടെ ലക്ഷ്യം.
1951ൽ രാമപുരം പഞ്ചായത്തിലെ വെള്ളിലാപ്പള്ളി വില്ലേജിലാണു ജനനം. എട്ടാം ക്ലാസിൽ പഠനം നിർത്തേണ്ടിവന്നു. തുടർന്ന് 1968ൽ ഇലഞ്ഞിയിൽ വിവാഹം ചെയ്തയച്ചു. മക്കൾ രണ്ടുപേരും വിവാഹിതർ.
തൊഴിലുറപ്പ് പദ്ധതിയിൽ അംഗമായ തങ്കമ്മച്ചേടത്തിക്ക് മേറ്റ് സ്ഥാനം ലഭിക്കാൻ പത്താംക്ലാസ് യോഗ്യത വേണമായിരുന്നു. അതിനായി സാക്ഷരതാമിഷൻ പത്താം ക്ലാസ് പരീക്ഷ എഴുതി 74% മാർക്കോടെ വിജയിച്ചു. തുടർപഠനം മുടങ്ങിയ സ്ഥിതിയായി. ഇതിനിടെ കെപിഎംഎസ് സംഘടന, മരങ്ങോലി പള്ളിയിലെ പ്രവർത്തനങ്ങൾ, കുടുംബശ്രീ പ്രവർത്തനങ്ങൾ തുടങ്ങിയവ വീണ്ടും തുടർപഠനത്തിന് പ്രചോദനമേകി.
മരുമകൾക്കു മുന്പേ തങ്കമ്മ പത്താംതരം പാസായി. എന്നാൽ മരുമകൾ പഠനം തുടർന്നതോടെ തങ്കമ്മയ്ക്ക് വാശിയേറി. വീണ്ടും പഠിക്കാൻ തീരുമാനിച്ചു. ഇതിനിടെ വിദ്യാരംഭങ്ങൾക്ക് നാട്ടിലെ നിരവധി കുട്ടികളെ തങ്കമ്മ എഴുത്തിനിരുത്തി.
ഈ വർഷം സാക്ഷരതാമിഷന്റെ തുല്യതാ പരീക്ഷയുടെ ഹ്യുമാനിറ്റീസ് വിഷയത്തിൽ 78% ശതമാനം മാർക്കോടെ പ്ലസ് ടു പാസായി. ഇതോടെയാണു വിസാറ്റ് ആർട്സ് ആന്ഡ് സയൻസ് കോളജ് അധികൃതർ പി.എം. തങ്കമ്മയ്ക്ക് ഡിഗ്രി ഓണേഴ്സ് പഠനത്തിനുള്ള അവസരം ഒരുക്കിയത്. ഇതിനായി എംജി യൂണിവേഴ്സിറ്റി അഡ്മിഷൻ പോർട്ടലിലെ ഡിഫോൾട്ട് ഇയർ സിസ്റ്റം തന്നെ പുതുക്കി. ഉത്സാഹത്തോടെ വിസാറ്റ് കോളജിൽ ബികോം ഓണേഴ്സ് പഠനം ആരംഭിച്ചു.
പുത്തൻ യൂണിഫോം അണിഞ്ഞ് അല്പം ഗർവോടെ, തികഞ്ഞ മത്സരബുദ്ധിയോടെ തങ്കമ്മച്ചേടത്തിയെത്തുന്പോൾ ക്ലാസിലെ മറ്റു കുട്ടികൾക്കും പ്രചോദനമാണ്. ഒപ്പം കുടുംബശ്രീ പ്രവർത്തകയായും തൊഴിലുറപ്പ് മേറ്റായും പ്രവർത്തിക്കുന്നു.
വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ ഡോ. രാജുമോൻ ടി. മാവുങ്കൽ, എൻജിനിയറിംഗ് കോളജ് പ്രിൻസിപ്പൽ ഡോ. കെ.ജെ. അനൂപ്, പബ്ലിക് റിലേഷൻസ് ഓഫീസർ ആറ്റുപുറം എന്നിവരുടെ പിന്തുണയിലാണ് തങ്കമ്മയ്ക്ക് പഠനം പുനരാരംഭിക്കാനായത്.