ഓണം കളറാക്കാൻ 1253 ഏക്കറിൽ കുടുംബശ്രീയുടെ പൂപ്പാടങ്ങൾ
Friday, September 6, 2024 1:51 AM IST
തിരുവനന്തപുരം: ഇത്തവണയും പൊന്നോണത്തിന് പൂക്കളമിടാൻ കുടുംബശ്രീയുടെ പൂക്കളെത്തും. ഓണവിപണി മുന്നിൽ കണ്ട് സംസ്ഥാനമൊട്ടാകെ ആരംഭിച്ച പൂകൃഷി വിളവെടുപ്പിന് പാകമായി.
ജമന്തി, മുല്ല, താമര എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. കഴിഞ്ഞ വർഷം 780 ഏക്കറിലായി 1819 കർഷകസംഘങ്ങൾ പൂകൃഷിയിൽ പങ്കാളികളായിരുന്നു. ഇത്തവണ 3000 വനിതാ കർഷകസംഘങ്ങൾ മുഖേന 1253 ഏക്കറിൽ പൂകൃഷി ചെയ്യുന്നുണ്ട്.
വിളവെടുപ്പിന് തയാറായ കൃഷിയിടങ്ങളിൽനിന്നു തന്നെ പൂക്കൾക്ക് വലിയ തോതിൽ ആവശ്യകത ഉയരുന്നുണ്ട്. ഇതോടൊപ്പം സെപ്റ്റംബർ 10ന് സംസ്ഥാനമൊട്ടാകെ ആരംഭിക്കുന്ന 2000-ലേറെ ഓണച്ചന്തകളിലും മറ്റു വിപണികളിലും കുടുംബശ്രീയുടെ പൂക്കളെത്തും.