കാഫിർ പ്രചാരണം: ഏതു ഫാക്ടറിയിലാണു നുണബോംബ് ഉത്പാദിപ്പിച്ചതെന്നു പോലീസ് പറയണം- ഷാഫി പറമ്പില്‍
Thursday, August 15, 2024 1:25 AM IST
കോഴിക്കോട്: തെരഞ്ഞെടപ്പു കാലത്ത് വടകരയില്‍ നടത്തിയ കാഫിര്‍ പ്രചാരണത്തിനു പിന്നില്‍ അടിമുടി സിപിഎമ്മുകാരാണെന്ന് ഷാഫി പറമ്പില്‍ എംപി. ലോക്ക് ചെയ്ത പ്രൊഫൈല്‍ അടക്കം പരിശോധിച്ചാല്‍ സിപിഎമ്മുകാരുടെ പങ്ക് കൂടുതല്‍ വ്യക്തമാകും.ഏതു ഫാക്ടറിയിലാണു നുണബോംബ് ഉത്പാദിപ്പിച്ചതെന്നു പോലീസ് പറയണമെന്നു ഷാഫി ആവശ്യപ്പെട്ടു.
സ്ക്രീന്‍ഷോട്ട് വ്യാജമാണെന്ന് അറിഞ്ഞിട്ടും മുന്‍ എംഎല്‍എയും ഏരിയാ സെക്രട്ടറിയും ഡിവൈഎഫ്ഐ നേതാക്കളും സാംസ്കാരിക പ്രവര്‍ത്തകരുമെല്ലാം സമൂഹ മാധ്യമങ്ങളിലെ വാളില്‍ ഇതു പ്രചരിപ്പിക്കാന്‍ ഉപയോഗിച്ചു.
വ്യാജമാണെന്നു ബോധ്യമായിട്ടും വടകരയില്‍ സിപിഎം ഔദ്യോഗികമായി പൊതുയോഗം നടത്തി. മുഖമില്ലാത്ത ആളുകളെ തെരഞ്ഞെടുപ്പു സമയത്തും അതിനുശേഷവും ഉപയോഗപ്പെടുത്തി. പരാജയം മറച്ചുവയ്ക്കാനും ഉപയോഗിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
വ്യാജമായ സ്ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചവര്‍ക്കെതിരേ നടപടിവേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പു സമയത്ത് തന്നെ പരാജയപ്പടുത്താനാണ് ഇത് ഉപയോഗിച്ചത്.
എന്നാല്‍ കുറ്റക്കാര്‍ക്കെതിരേ കേസെടുക്കാന്‍ പോലീസ് മടിക്കുന്നു. മെല്ലെപ്പോക്ക് നയമാണു പോലീസിന്. ഇതിനെതിരേ നിയമപരമായി മുന്നോട്ടുപോകുമെന്നു ഷാഫി പറഞ്ഞു.
“യുഡിഎഫിനു സ്ക്രീന്‍ ഷോട്ടില്‍ പങ്കില്ലെന്നു നേരത്തേ വ്യക്തമായിരുന്നതാണ്. ഞങ്ങള്‍ക്ക് ഇത്തരത്തില്‍ വ്യാജ പ്രചാരണം നടത്തേണ്ട ആവശ്യമില്ല. പോലീസ് ഇക്കാര്യത്തില്‍ കാണിക്കുന്ന മെല്ലപ്പോക്ക് നയം തിരുത്താന്‍ തയാറാകണം.
കോടതി ചെവിക്കു പിടിച്ചതുകൊണ്ടാണ് ഇത്രയെങ്കിലും സത്യം പുറത്തുവന്നത്. സത്യം തെളിഞ്ഞതില്‍ സന്തോഷമുണ്ട്”- അദ്ദേഹം പറഞ്ഞു.