വയനാട് ദുരന്തം: വാടകവീടുകളിലേക്ക് മാറുന്നവർക്കു പ്രതിമാസം 6000 രൂപ
Wednesday, August 14, 2024 2:03 AM IST
തിരുവനന്തപുരം: വയനാട് ദുരന്തത്തെ തുടർന്ന് വീടുകൾ നഷ്ടമായി നിലവിൽ ക്യാന്പുകളിൽ കഴിയുന്നവർ വാടക വീടുകളിലേക്ക് മാറുന്നതിന് പ്രതിമാസം 6000 രൂപ അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. ബന്ധുവീടുകളിലേക്ക് മാറുന്ന കുടുംബങ്ങൾക്കും വാടക ഇനത്തിൽ 6000 രൂപ അനുവദിക്കും.
സർക്കാർ ഉടമസ്ഥതയിലോ മറ്റു പൊതു ഉടമസ്ഥതയിലോ സ്വകാര്യ വ്യക്തികൾ സൗജന്യമായി വിട്ടു നൽകുന്ന ഇടങ്ങളിലേക്കോ മാറുന്ന കുടുംബങ്ങൾക്ക് പ്രതിമാസ വാടക അനുവദിക്കില്ല.
മുഴുവനായി സ്പോണ്‍സർഷിപ്പ് മുഖേന താമസ സൗകര്യം ഒരുക്കുന്ന കെട്ടിടങ്ങളിലേക്ക് മാറുന്നവർക്കും വാടക അനുവദിക്കില്ല. എന്നാൽ ഭാഗികമായി സ്പോണ്‍സർഷിപ്പ് ലഭിക്കുന്നവർക്ക് ശേഷിക്കുന്ന തുക പരമാവധി 6000 രൂപ വരെ വാടക അനുവദിക്കുന്നതിന് അനുമതി നല്കി. തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നാണ് നൽകുന്നത്.