പരിസ്ഥിതിലോല കരട് വിജ്ഞാപനം ആശങ്കാജനകം: കത്തോലിക്ക കോൺഗ്രസ്
Friday, August 9, 2024 2:21 AM IST
കൊച്ചി: പരിസ്ഥിതിലോല കരട് വിജ്ഞാപനം ആശങ്കാജനകമാണെന്നും അവ്യക്തതകൾ പരിഹരിക്കാൻ സർക്കാരുകൾക്ക് ഉത്തരവാദിത്വമുണ്ടെന്നും കത്തോലിക്ക കോൺഗ്രസ്. ഒഴിവാക്കപ്പെട്ട വില്ലേജുകൾ ഉൾപ്പെടുത്തി വിജ്ഞാപനം ഇറക്കിയതിന്റെ ലക്ഷ്യങ്ങൾ സംശയാസ്പദമാണ്.
പരിസ്ഥിതിലോല കരട് വിജ്ഞാപനത്തിൽ കൂടുതലായി വില്ലേജുകൾ ചേർക്കപ്പെട്ടതിന്റെ കാരണം വ്യക്തമാക്കണം. കരട് വിജ്ഞാപനത്തിലെ ജിയോ കോർഡിനേറ്റഡ് പ്ലാനിലെ അവ്യക്തതകൾ പരിഹരിക്കാനും ജനവാസമേഖലകളും കൃഷിയിടങ്ങളും ഒഴിവാക്കിയ പഞ്ചായത്തുതല ഷേപ്പ് ഫയലുകൾ തയാറാക്കാനും പ്രത്യേക ഗ്രാമസഭകൾ പരിസ്ഥിതിലോല വിജ്ഞാപനത്തിൽപ്പെട്ട വില്ലേജുകളിൽ വിളിച്ചുകൂട്ടാനും സർക്കാർ നിർദേശം നൽകണം.
പ്രകൃതിദുരന്തങ്ങൾ വരുമ്പോൾ മലയോര മേഖലയെ പ്രതിക്കൂട്ടിൽ നിർത്തി അതിന്റെ മറവിൽ പുറത്തിറക്കുന്ന വിജ്ഞാപനങ്ങൾ റദ്ദ് ചെയ്യണമെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു.
പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിലിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി ഡോ. ജോസ്കുട്ടി ഒഴുകയിൽ, ട്രഷറർ അഡ്വ. ടോണി പുഞ്ചക്കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.