ഡിസിഎൽ മേഖലാ ടാലന്റ് ഫെസ്റ്റ്
Thursday, July 25, 2024 1:44 AM IST
കോട്ടയം: ദീപിക ബാലസഖ്യത്തിന്റെ മേഖലാതല ടാലന്റ് ഫെസ്റ്റുകൾ ഓഗസ്റ്റ് മുതൽ ആരംഭിക്കും. എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങൾ തിരിച്ചാണ് മത്സരം. പ്രസംഗം, ലളിതഗാനം, ഡിസിഎൽ ആന്തം, ഡിസിഎൽ ലഹരിവിരുദ്ധ ഗാനം, ചെറുകഥാരചന, കവിതാരചന, ഉപന്യാസരചന എന്നീ ഇനങ്ങളിലാണ് മത്സരം.
ഡിസിഎൽ ആന്തം, ലഹരിവിരുദ്ധഗാനം എന്നിവ ഒഴികെ എല്ലാ മത്സരങ്ങളും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായിരിക്കും. ഗ്രൂപ്പ് മത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് രചനാമത്സരത്തിൽ പങ്കെടുക്കാൻ അർഹതയുണ്ടായിരിക്കുകയില്ല.
ഡിസിഎൽ ആന്തം, ഡിസിഎൽ ലഹരിവിരുദ്ധ സംഘഗാനം മത്സരങ്ങളിൽ ഏഴു പേരടങ്ങുന്ന ടീമിന് പങ്കെടുക്കാം. കരോക്കെ ഉണ്ടായിരിക്കുന്നതല്ല.
പ്രസംഗത്തിന് എൽപി വിഭാഗത്തിന് മൂന്നു മിനിറ്റും യു.പി. ഹൈസ്കൂൾ വിഭാഗങ്ങൾക്ക് 5 മിനിറ്റുമായിരിക്കും സമയം. വിഷയം - എൽ പി വിഭാഗം: കൃത്യനിഷ്ഠയും അച്ചടക്കവും ജീവിത വിജയത്തിന്.
യു.പി വിഭാഗം - (1) അധ്യാപകർ അറിവിന്റെ വഴികാട്ടികൾ (2) മാറുന്ന ലോകവും നിർമ്മിത ബുദ്ധിയും (നിർമിത ബുദ്ധി - Artificial Intelligence - AI) ഹൈസ്കൂൾ വിഭാഗത്തിന് മത്സരത്തിന് 5 മിനിറ്റു മുന്പ് വിഷയം നൽകും.
തൊടുപുഴ മേഖലാ ടാലന്റ് ഫെസ്റ്റ് ഓഗസ്റ്റ് 28-ന്
തൊടുപുഴ: ദീപിക ബാലസഖ്യം തൊടുപുഴ മേഖലാ ടാലന്റ് ഫെസ്റ്റ് ഓഗസ്റ്റ് 28-നു നടക്കും. തൊടുപുഴ ജയ്റാണി ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിലാണ് മത്സരം. മത്സരങ്ങൾ രാവിലെ 9.30-ന് ആരംഭിക്കും.
മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ശാഖകളുടെ ഡയറക്ടർമാർ ഓഗസ്റ്റ് ഏഴിനു മുന്പായി കുട്ടികളുടെ പേരുകൾ മേഖലാ ഓർഗനൈസർ എബി ജോർജിന്റെ പക്കൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
ഡി.സി.എൽ തൊടുപുഴ പ്രവിശ്യാ സാരഥി സംഗമം നടത്തി
തൊടുപുഴ : ഡി.സി.എൽ തൊടുപുഴ പ്രവിശ്യാ ഡയറക്റ്റേഴ്സ് മീറ്റ് - സാരഥി സംഗമം 24 - അഡ്വ : ദേവസ്യ കാപ്പൻ മെമ്മോറിയൽ ഹാളിൽ നടത്തി . മുനിസിപ്പൽ വൈസ് ചെയർപേഴ്സൻ പ്രൊഫ : ജെസി ആന്റണി ഉദ്ഘാടനം ചെയ്തു . കൊച്ചേട്ടൻ ഫാ . റോയി കണ്ണൻ ചിറ സി.എം.ഐ മുഖ്യപ്രഭാഷണം നടത്തി .പ്രവിശ്യാ കോ - ഓർഡിനേറ്റർ റോയ് ജെ കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു . സംസ്ഥാന റിസോഴ്സ് ടീം കോ ഓർഡിനേറ്റർ തോമസ് കുണിഞ്ഞി , സംസ്ഥാന പ്രോഗ്രാം കോ ഓർഡിനേറ്റർ എബി ജോർജ് , മേഖലാ ഓർഗനൈസർമാരായ സിസ്റ്റർ ആൽഫി നെല്ലികുന്നേൽ , റോയി വി. ജോർജ് , ബിനോജ് ആന്റണി , വിവിഷ് വി. റോളൻറ് , പ്രസിഡന്റുമാരായ ടി. എം ഫിലിപ്പുകുട്ടി , മിനി ജെസ്റ്റിൻ , പി.വി സിൽബി മോൾ എന്നിവർ പ്രസംഗിച്ചു. മേഖലാതല പ്രവർത്തന വർഷ രൂപരേഖ അവതരണത്തെ തുടർന്ന് സ്നേഹ വിരുന്നോടെ സംഗമം സമാപിച്ചു.
ഡിസിഎൽ മുരിക്കാശേരി മേഖല ഉദ്ഘാടനം ചെയ്തു

മുരിക്കാശേരി: ദീപിക ബാലസഖ്യത്തിന്റെ മുരിക്കാശ്ശേരി മേഖല രൂപീകരണവും പ്രവർത്തനോദ്ഘാടനവും മുരിക്കാശ്ശേരി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു സ്കൂൾ അസിസ്റ്റൻറ് മാനേജർ റവ. ഫാദർ സേവ്യർ മേക്കാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ കൊച്ചേട്ടൻ ഫാ. റോയി കണ്ണൻ ചിറ മേഖലാ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു.
ദീപിക ബാലസഖ്യം, അതിന്റെ വ്യത്യസ്തതയാർന്ന പ്രവർത്തനങ്ങളിലൂടെ, വിദ്യാർത്ഥികളുടെ വ്യക്തിത്വ രൂപീകരണത്തിലും മൂല്യബോധനത്തിലും വഹിക്കുന്ന നിസ്തുലമായ പങ്ക് കൊച്ചേട്ടൻ ഊന്നിപ്പറഞ്ഞു. ഡി.സി.എൽ പ്രവിശ്യ കോ-ഓർഡിനേറ്റർ ജോർജുകുട്ടി എം. വി മുഖ്യപ്രഭാഷണം നടത്തി.
മേഖല ഓർഗനൈസർ സിസ്റ്റർ തെരേസ് ജോർജ് ആശംസകളർപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ജിജിമോൾ മാത്യു സ്വാഗതമർപ്പിച്ച യോഗത്തിൽ സ്റ്റാഫ് സെക്രട്ടറി സിബി ജോസഫ് കൃതജ്ഞതയർപ്പിച്ചു. ശാഖ ഡയറക്ടർമാരായ ബോബി തോമസ്, ജിനു മരിയ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ശാഖ പ്രവർത്തനോദ്ഘാടനം
ചങ്ങനാശ്ശേരി: സെന്റ് ആൻസ് ഗേൾസ് ഹൈസ്കൂളിൽ ഡിസിഎൽ പ്രവർത്തനോദ്ഘാടനം നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ അൻസാ എഫ്സിസി അധ്യക്ഷത വഹിച്ച . ഡിസിഎൽ കേന്ദ്രസമിതി അംഗം ആൻസി മേരി ജോൺ ഉദ്ഘാടനം നിർവഹിച്ചു. ചങ്ങനാശ്ശേരി മേഖലാ ഓർഗനൈസർ ജോഷി കൊല്ലാപുരം മുഖ്യ സന്ദേശം നൽകി.