കോടതിയിലെത്തിച്ച ലങ്കൻ പ്രതി പോലീസിനെ വെട്ടിച്ചു കടന്നു
Thursday, July 25, 2024 1:44 AM IST
അയ്യന്തോൾ (തൃശൂർ): വിയ്യൂർ സെൻട്രൽ ജയിലിൽനിന്നു കോടതിയിലേക്കു കൊണ്ടുവന്ന ശ്രീലങ്കൻ തടവുകാരൻ രക്ഷപ്പെട്ടു. നിരവധി കേസുകളിൽ പ്രതിയായ കിഷാന്ത പെരേര (53) ആണ് ഒപ്പമുണ്ടായിരുന്ന പോലീസുകാരെ വെട്ടിച്ചുകടന്നത്.
ഇന്നലെ രാവിലെ 11.30ന് കളക്ടറേറ്റ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിവരാന്തയിൽനിന്നാണു രക്ഷപ്പെട്ടത്. രാവിലെ എ.ആർ. ക്യാന്പിലെ രണ്ടു പോലീസുകാരുടെ അകന്പടിയിലാണു കോടതിയിലേക്കു കൊണ്ടുവന്നത്.
എറണാകുളം ഫോർട്ട് കൊച്ചി കോസ്റ്റൽ പോലീസാണു പെരേരയെ മയക്കുമരുന്നുകേസിൽ പിടികൂടിയത്.
2021 ഏപ്രിൽ 30നു മട്ടാഞ്ചേരി സബ്ജയിലിലെത്തിച്ചെങ്കിലും പ്രശ്നങ്ങളുണ്ടാക്കിയതോടെ വിയ്യൂരിലേക്കു മാറ്റുകയായിരുന്നു. ജയിലിൽ ഇയാളുടെ കൈയിൽനിന്നു മൊബൈൽ ഫോണ് കണ്ടെടുത്ത സംഭവത്തിൽ വിയ്യൂർ പോലീസ് എടുത്ത കേസിന്റെ വിചാരണയ്ക്കുവേണ്ടിയാണു കോടതിയിലെത്തിച്ചത്.
കോടതിയിൽ കയറുന്നതിനുമുന്പ് വിലങ്ങ് അഴിച്ചയുടൻ ഓടിരക്ഷപ്പെടുകയായിരുന്നു. വെള്ള ടീഷർട്ടും കടുംനീല പാന്റ്സുമാണു രക്ഷപ്പെടുന്പോൾ ധരിച്ചിരുന്നത്. ടീഷർട്ടിൽ മൈ ഇന്ത്യ എന്ന ലേബലുണ്ട്.
വിദേശ രാജ്യങ്ങളിൽനിന്നു വൻതോതിൽ മയക്കുമരുന്നു കടത്തുന്ന സംഘത്തിലെ കേരളത്തിലെ കണ്ണിയാണ് കിഷാന്ത പെരേര.