ഇറാനിലേക്ക് അവയവക്കടത്ത്; അന്വേഷണത്തിന് പത്തംഗ പ്രത്യേക സംഘം
Wednesday, May 22, 2024 1:34 AM IST
നെടുമ്പാശേരി: ഇറാനിലേക്ക് അവയവക്കടത്ത് നടത്തിയ കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണങ്ങൾക്കായി കേരള പോലീസ് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു.
ആലുവ റൂറൽ എസ് പിയുടെ മേൽനോട്ടത്തിൽ ഡിവൈഎസ്പി എ. പ്രസാദ് അന്വേഷണത്തിന് നേതൃത്വം നൽകുന്ന ടീമിൽ 10 അംഗങ്ങളാണുണ്ടാവുക.
അതിനിടെ റിമാൻഡിലായ പ്രതി സാബിത്ത് നാസറിനെ (30) കസ്റ്റഡിയിൽ ലഭിക്കുന്നതിനു പോലീസ് ഇന്ന് അങ്കമാലി കോടതിയിൽ അപേക്ഷ നൽകും. തുടർന്ന് അന്വേഷണസംഘത്തിന്റെ നേതൃത്വത്തിൽ വിശദമായ ചോദ്യംചെയ്യൽ നടക്കും.
പ്രതിയായ സാബിത്ത് നാസർ പ്രാഥമികമായ ചോദ്യംചെയ്യലിൽ പൂർണമായി സഹകരിച്ചില്ലെന്നാണ് പോലീസ് നിഗമനം. ഇറാനിൽ അവയവം നൽകിയവരിൽ കേരളത്തിൽനിന്ന് പാലക്കാട് സ്വദേശിയായ ഷാബീർ മാത്രമാണുള്ളതെന്നാണ് സാബിത്ത് ചോദ്യംചെയ്യലിൽ പോലീസിനോടു പറഞ്ഞത്.
മറ്റുള്ളവർ ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. ഇറാനിൽ വിദേശികളിൽനിന്ന് അവയവം നൽകുന്നതിനും സ്വീകരിക്കുന്നതിനും ഏറെ ഉദാരമായ നിയമ വ്യവസ്ഥയാണുള്ളത്. അതുകൊണ്ടുതന്നെ സാബിറിനെ കൂടാതെ നിരവധി ഏജന്റുമാർ അവയവക്കടത്ത് സംഘത്തിലുണ്ടാകാനിടയുണ്ട്.
ഇറാനിൽ പല ആശുപത്രികളും കേന്ദ്രീകരിച്ചുള്ള സംഘം തന്നെയുണ്ടാകുമെന്നാണു പോലീസ് കരുതുന്നത്. രാജ്യാന്തര ബന്ധമുള്ള കേസിൽ എൻഐഎ ഉദ്യോഗസ്ഥർ സാബിറിനെ ചോദ്യം ചെയ്തെങ്കിലും കേസ് ഏറ്റെടുക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടില്ല. പ്രതിയെ കസ്റ്റഡിയിൽ ലഭിച്ച് ചോദ്യംചെയ്യുന്നതിനൊപ്പം ഹൈദരാബാദിലേക്കും ബംഗളൂരുവിലേക്കും അന്വേഷണം വ്യാപിപ്പിക്കും.