പിണറായി വിജയൻ ബിജെപിയുടെ താരപ്രചാരകനെന്ന് എം.എം. ഹസൻ
Saturday, April 13, 2024 1:21 AM IST
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ കേരളത്തിലെ താരപ്രചാരകനായി മുഖ്യമന്ത്രി പിണറായി വിജയൻ തിളങ്ങി നിൽക്കുന്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി ആറാം തവണയും ഇവിടെ പ്രചാരണത്തിന് എത്തേണ്ടതില്ലെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എം.എം ഹസൻ. ദേശീയ തലത്തിൽ മോദിയും ബിജെപിയും പറയുന്നതിനേക്കാൾ പതിന്മടങ്ങ് വർഗീയ പ്രചരണമാണ് പിണറായി നടത്തുന്നത്.
കേരളത്തിൽ ബിജെപി രണ്ടിടത്ത് ജയിക്കുമെന്നാണ് മോദി ആവർത്തിക്കുന്നത്. ബിജെപി-സിപിഎം അന്തർധാര ഫലപ്രദമാകുമെന്ന പ്രതീക്ഷയിലാണത്. സ്വന്തം പാർട്ടിയുടേതല്ലാത്ത രണ്ട് സ്ഥാനാർഥികളെ ബലിയാടാക്കിയിട്ടാണെങ്കിലും മോദിയുടെ പ്രതീക്ഷ നിറവേറ്റാനായി പിണറായി വിജയൻ പരമാവധി ശ്രമിക്കുന്നതും ഇന്ത്യാ സഖ്യത്തെ നഖശിഖാന്തം എതിർക്കുന്നതുമാണ് തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് കാണുന്നതെന്നും ഹസൻ പറഞ്ഞു.