ഇന്ദിരയുടെ മരണത്തിന് ഉത്തരവാദി സര്‍ക്കാരും വനം വകുപ്പും: വി.ഡി. സതീശൻ
Tuesday, March 5, 2024 2:31 AM IST
കൊച്ചി: കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹം വലിച്ചിഴയ്ക്കുകയും ജനപ്രതിനിധികളെയും പൊതുപ്രവര്‍ത്തകരെയും ആക്രമിക്കുകയും ചെയ്ത പോലീസുകാര്‍ക്കെതിരേ നടപടിയെടുക്കണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ഇന്ദിരയുടെ മരണത്തിന് ഉത്തരവാദി കഴിവുകെട്ട സര്‍ക്കാരും വനം വകുപ്പുമാണ്.
ക്ഷമയുടെ നെല്ലിപ്പലക കണ്ട് നില്ക്കുന്ന ജനങ്ങള്‍ വൈകാരികമായി പ്രതികരിക്കുന്നതു സ്വാഭാവികമാണ്. കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വയോധികയുടെ സഹോദരന്റെയും ബന്ധുക്കളുടെയും പ്രതിഷേധം വകയ്ക്കാതെ മൃതദേഹം കിടത്തിയ ഫ്രീസര്‍ റോഡിലൂടെ വലിച്ച് ആംബുലന്‍സില്‍ കയറ്റിയ പോലീസ് നടപടി മൃതദേഹത്തോടുള്ള അനാദരവും ജനങ്ങളോടുള്ള വെല്ലുവിളിയുമാണ്. ഇതിനു നേതൃത്വം നല്കിയ ഉദ്യോഗസ്ഥര്ക്കെതിരേ നടപടിയെടുക്കണമെന്നും സതീശൻ പറഞ്ഞു.