അക്യുപംക്ചർ ചികിത്സ: നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി
Tuesday, March 5, 2024 2:01 AM IST
കൊച്ചി: അക്യുപംഗ്ച്വര് ചികിത്സാ മേഖല സംബന്ധിച്ച് പഠിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിയോഗിച്ച സമിതിയുടെ നടപടികള്‍ നാലു മാസത്തിനകം പൂര്‍ത്തിയാക്കണമെന്നു ഹൈക്കോടതി.
ക്ലിനിക്കുകളില്‍ പോലീസും മറ്റ് അധികൃതരും നടത്തുന്ന തുടര്‍ച്ചയായ പരിശോധനകള്‍ക്കെതിരേ പാലക്കാട് ആസ്ഥാനമായ അക്യുപംക്ചർ ജോയിന്റ് കൗണ്‍സില്‍ നല്കിയ ഹര്‍ജിയിലാണു ജസ്റ്റീസ് ദേവന് രാമചന്ദ്രന്റെ ഉത്തരവ്.
സംശയത്തിന്റെ പേരില്‍ പോലും അക്യുപംക്ചർ ചികിത്സാ കേന്ദ്രങ്ങളില്‍ സംസ്ഥാന പോലീസടക്കം പരിശോധനകള്‍ നടത്തുന്നതായി ചൂണ്ടിക്കാട്ടിയാണു ഹർജിക്കാര്‍ കോടതിയെ സമീപിച്ചത്. ഇത് ക്ലിനിക്കുകളുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്നു. അക്യുപംക്ചർ ചികിത്സ ശാസ്ത്രീയമാണ്. കേന്ദ്രസര്‍ക്കാര്‍ 2019ല്‍ നിയോഗിച്ച സമിതി ഇതുവരെ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടില്ലെന്നും ഹരജിയില്‍ പറയുന്നു.
എന്നാല്‍, ബന്ധപ്പെട്ട കേന്ദ്ര അഥോറിറ്റിയും സമിതിയും അന്തിമ തീരുമാനമെടുക്കും മുമ്പ് ഹർജിക്കാരുടെ ഭാഗംകൂടി കേള്‍ക്കണമെന്ന് കോടതി നിര്‍ദേശിച്ചു. അതുവരെ അക്യുപംക്ചർ ചികിത്സാ കേന്ദ്രങ്ങള്‍ ലൈസന്‍സോടെയാണോ പ്രവര്‍ത്തിക്കുന്നതെന്നു മാത്രം പോലീസിനു പരിശോധിക്കാം. നിയമവിരുദ്ധ പ്രവര്‍ത്തനം ശ്രദ്ധയില്‍പ്പെട്ടാന്‍ കേസെടുക്കാമെന്നും കോടതി വ്യക്തമാക്കി.