പലിശനിരക്ക് ഉയർത്തിയിട്ടും ട്രഷറി നിക്ഷേപത്തോട് തണുത്ത പ്രതികരണം
സ്വന്തം ലേഖകൻ
Monday, March 4, 2024 4:47 AM IST
കണ്ണൂർ: സാന്പത്തിക പ്രതിസന്ധി തരണം ചെയ്യാൻ സർക്കാർ ഉയർന്ന പലിശനിരക്ക് പ്രഖ്യാപിച്ചിട്ടും വലിയ താത്പര്യം കാണിക്കാതെ നിക്ഷേപകർ. ഈ മാസം 25 വരെ 91 ദിവസ നിക്ഷേപത്തിന് 7.5 ശതമാനമെന്ന ഉയർന്ന പലിശ നിരക്കാണു പ്രഖ്യാപിച്ചതെങ്കിലും വലിയതോതിലുള്ള നിക്ഷേപങ്ങൾ ലഭിച്ചില്ല.
നേരത്തേ ഇത്രയും ഉയർന്ന പലിശനിരക്ക് രണ്ടു വർഷത്തിലേറെയുള്ള നിക്ഷേപങ്ങൾക്കു മാത്രമായിരുന്നു നൽകിയിരുന്നത്.
പ്രതീക്ഷിക്കുന്ന നിക്ഷേപം വന്നില്ലെങ്കിൽ ഓരോ ട്രഷറികൾക്കും നിക്ഷേപ സമാഹണം നിശ്ചയിച്ചേക്കും. ഇതിനായി ട്രഷറികൾ, ജീവനക്കാർ എന്നിവർക്കു ടാർഗറ്റ് നൽകിയേക്കുമെന്നും സൂചനയുണ്ട്.
നിലവിൽ സാന്പത്തികവർഷാവസാനം ട്രഷറികളിലേക്കു നിശ്ചിത തുക നിക്ഷേപമായി സമാഹരിക്കണമെന്ന് കത്തു നൽകാറുണ്ടെങ്കിലും ഇക്കാര്യത്തിൽ നിർബന്ധബുദ്ധി പ്രകടിപ്പിക്കാറില്ലായിരുന്നു. പുതിയ സാഹചര്യത്തിൽ നിർദേശം നിർബന്ധമാക്കാനുള്ള സാധ്യയുണ്ടെന്നാണ് ട്രഷറി വകുപ്പുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽനിന്നുള്ള വിവരം.
സർക്കാർ സാന്പത്തിക പ്രതിസന്ധിയിലായതിനാൽ നിക്ഷേപിക്കുന്ന പണം കൃത്യസമയത്ത് തിരിച്ചെടുക്കാൻ കഴിയുമോ എന്ന ആശങ്കയാണ് നിക്ഷേപകരെ പിന്തിരിപ്പിക്കുന്നതെന്നാണ് വിലയിരുത്തൽ.
2021ൽ പലിശനിരക്ക് കുറച്ചപ്പോൾ അത് പ്രാബല്യത്തിൽ വരുന്നതിനു മുന്പ് നിക്ഷേപിക്കുന്നവർക്ക് സർക്കാർ ഉയർന്ന പലിശനിരക്ക് പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടർന്ന് അന്ന് ഒറ്റയടിക്ക് 3,000 കോടിയോളം രൂപ നിക്ഷേപമായി ലഭിച്ചിരുന്നു. എന്നാലിപ്പോൾ ഉയർന്ന പലിശ നിരക്ക് പ്രഖ്യാപിച്ചിട്ടും ആശാവഹമായ പ്രതികരണമുണ്ടായിട്ടില്ല.