മാർത്തോമ്മ സഭയിൽ മൂന്ന് ബിഷപ്പുമാർ അഭിഷിക്തരായി
Sunday, December 3, 2023 1:27 AM IST
തിരുവല്ല: പ്രാർഥനാനിരമായ വിശ്വാസിസമൂഹത്തെ സാക്ഷിയാക്കി മലങ്കര മാർത്തോമ്മാ സുറിയാനി സഭയിൽ മൂന്ന് പുതിയ എപ്പിസ്കോപ്പമാർ അഭിഷിക്തരായി.
റമ്പാൻമാരായ സാജു സി. പാപ്പച്ചൻ, ഡോ. ജോസഫ് ഡാനിയേൽ, മാത്യു കെ. ചാണ്ടി എന്നിവർ യഥാക്രമം സഖറിയാസ് മാർ അപ്രേം, ഡോ. ജോസഫ് മാർ ഇവാനിയോസ്, മാത്യൂസ് മാർ സെറാഫിം എന്നീ പേരുകൾ സ്വീകരിച്ചാണ് സഭയുടെ മേൽപട്ട പദവിയിൽ അഭിഷിക്തരായത്.
തിരുവല്ല എസ്സി അങ്കണത്തിലെ താത്കാലിക മദ്ബഹയിൽ നടന്ന സ്ഥാനാഭിഷേക ശുശ്രൂഷയ്ക്ക് സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു.
മുഖ്യകാർമികനായ മെത്രാപ്പോലീത്ത ഓരോരുത്തരുടെയും പേരുകൾ പ്രഖ്യാപിച്ച് പട്ടം നൽകി. നവാഭിഷിക്തൻ സഖറിയോസ് മാർ അപ്രേമിന്റെ നേതൃത്വത്തിൽ വിശുദ്ധ കുർബാന ശുശ്രൂഷകൾ പൂർത്തീകരിച്ചു.
സ്ഥാനാഭിഷേക ശുശ്രൂഷയിൽ മാർത്തോമ്മാ സഭയിലെ ബിഷപ്പുമാരെ കൂടാതെ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, ആർച്ച്ബിഷപ് ജോറിസ് ഫെർക്കാമൻ, മെത്രാപ്പോലീത്തമാരായ ജോസഫ് മാർ ഗ്രിഗോറിയോസ്, സിറിൽ മാർ ബസേലിയോസ്, യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, ജോഷ്വാ മാർ ഇഗ്നാത്തിയോസ്, മാർ ഔഗേൻ കുര്യാക്കോസ്, എബ്രഹാം മാർ എപ്പിഫാനിയോസ്, സാമുവേൽ മാർ ഐറേനിയോസ്, ബിഷപ് തോമസ് സാമുവേൽ, ബിഷപ് ഉമ്മൻ ജോർജ്, മാത്യൂസ് മാർ സിൽവാനിയോസ് തുടങ്ങിയവർ സംബന്ധിച്ചു.