കെ. സുധാകരൻ കേരള പര്യടനത്തിന്
Thursday, October 5, 2023 2:20 AM IST
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ജനുവരി- ഫെബ്രുവരി, മാസങ്ങളിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ നേതൃത്വത്തിൽ കേരള പര്യടനം നടത്തും.
ഇന്നലെ ചേർന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് ഈ നിർദേശം ഉയർന്നത്. ഇന്നത്തെ കെപിസിസി വിശാല എക്സിക്യൂട്ടീവിൽ ഈ തീരുമാനം അംഗീകരിക്കും. യാത്രയുടെ വിശദാംശങ്ങൾക്കും ഇന്നത്തെ യോഗത്തിൽ രൂപം നൽകും.
കേരള പര്യടനം യുഡിഎഫിന്റെ ബാനറിൽ നടത്തണോ എന്ന ആലോചനയും യോഗത്തിലുണ്ടായി. എന്നാൽ, കോണ്ഗ്രസിന്റെ നേതൃത്വത്തിൽ യാത്ര നടത്താനാണ് സാധ്യത. സംസ്ഥാന സർക്കാരിന്റെ ജനസദസിനു ബദലായി മണ്ഡലാടിസ്ഥാനത്തിൽ പരിപാടികൾ സംഘടിപ്പിക്കണമെന്ന നിർദേശവും ഉയർന്നുവന്നു. ഇന്നത്തെ കെപിസിസി വിശാല എക്സിക്യൂട്ടീവിൽ ഇക്കാര്യത്തിലും തീരുമാനമുണ്ടാകും.
കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരായ പ്രക്ഷോഭ പരിപാടികളേക്കുറിച്ചും ചർച്ച നടന്നു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനു മുന്പു പ്രഖ്യാപിക്കുകയും പിന്നീട് മാറ്റി വയ്ക്കുകയും ചെയ്ത കാൽലക്ഷം പേരെ പങ്കെടുപ്പിച്ചു കൊണ്ട ുള്ള സെക്രട്ടേറിയറ്റ് വളയൽ സമരം നടത്തും.
സംസ്ഥാനത്തെ പൊതുരാഷ്ട്രീയ കാലാവസ്ഥ അനുകൂലമാണെന്നു യോഗം വിലയിരുത്തി. നേതാക്കൾ ഐക്യത്തോടെ മുന്നോട്ടു പോകണമെന്ന് അഭിപ്രായമുയർന്നു. മണ്ഡലം പുനഃസംഘടന 80 ശതമാനം പൂർത്തിയാക്കിയെന്ന് പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. അവശേഷിക്കുന്നത് ഉടൻ പൂർത്തിയാക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി പുനഃസംഘടന നിശ്ചയിച്ച സമയത്തു പൂർത്തിയാക്കാൻ കഴിയാത്തതിലുള്ള ദുഃഖം സുധാകരൻ പ്രകടിപ്പിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പു സംബന്ധിച്ച ചർച്ചകൾ നടന്നതിനാൽ രാഷ്ട്രീയകാര്യ സമിതി അംഗങ്ങളെ കൂടാതെ എംപിമാരെയും യോഗത്തിലേക്കു ക്ഷണിച്ചിരുന്നു. കേരളത്തിൽനിന്നുള്ള കോണ്ഗ്രസ് എംപിമാരിൽ രാഹുൽ ഗാന്ധി, എം.കെ. രാഘവൻ, ടി.എൻ. പ്രതാപൻ എന്നിവർ ഒഴികെ എല്ലാവരും പങ്കെടുത്തു.
എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരീഖ് അൻവർ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുടങ്ങി പ്രധാന നേതാക്കളെല്ലാം യോഗത്തിൽ പങ്കെടുത്തു. തെരഞ്ഞെടുപ്പു തന്ത്രജ്ഞൻ സുനിൽ കൊനഗേലുവും യോഗത്തിൽ പങ്കെടുത്തു. കേരളത്തേക്കുറിച്ചുള്ള റിപ്പോർട്ട് പൂർത്തിയായിട്ടില്ലെന്ന് അദ്ദഹം യോഗത്തെ അറിയിച്ചു.
ഇന്നു രാവിലെ പത്തിന് കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും, കെപിസിസി പാർലമെന്റ് മണ്ഡലങ്ങളുടെ ചുമതല നൽകിയ നേതാക്കളുടെയും സംയുക്ത യോഗം നടക്കും. സുധാകരന്റെ കേരള പര്യടനത്തിന്റെയും കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരായ പ്രക്ഷോഭ പരിപാടികളുടെയും അന്തിമരൂപം യോഗത്തിലുണ്ടാകും.