“കരുവന്നൂരിൽ വീഴ്ച സംഭവിച്ചു’’; മുഖ്യമന്ത്രിയെയും പാർട്ടി സെക്രട്ടറിയെയും തിരുത്തി ഇ.പി.
Sunday, October 1, 2023 1:33 AM IST
തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് അന്വേഷണം ലോക്സഭാ തെരഞ്ഞെടുപ്പു മുന്നിൽ കണ്ടുള്ള രാഷ്ട്രീയ ആയുധമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ തിരുത്തി എൽഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജൻ.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ വലിയ വീഴ്ച സംഭവിച്ചുവെന്നും പ്രശ്നം നേരത്തേ പരിഹരിക്കേണ്ടതായിരുന്നുവെന്നും ഇ.പി. ജയരാജൻ പറഞ്ഞു.
ചോറിൽ കറുത്ത വറ്റ് കണ്ടാൽ, ഇതിനെ എടുത്തു കളഞ്ഞശേഷം ബാക്കി ചോറ് കഴിക്കുന്നതാണു രീതിയെന്നും കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു. കരുവന്നൂർ വിഷയത്തിൽ പാർട്ടിക്കു വീഴ്ച സംഭവിച്ചിട്ടില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പറഞ്ഞിരുന്നു.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് സഹകരണ മേഖലയ്ക്കാകെ കളങ്കം ഉണ്ടാക്കിയെന്നത് വസ്തുതയാണെന്നും ഇ.പി. ജയരാജൻ പറഞ്ഞു. കരുവന്നൂർ തട്ടിപ്പ് കേസിലെ സതീഷ് കുമാറിനെ തനിക്കറിയാം. സതീഷ്കുമാർ നടത്തിയ ഇടപാടുകളിൽ തനിക്കു പങ്കില്ല. സതീഷുമായി സാന്പത്തിക ഇടപാടുകളില്ലെന്നും ഇ.പി. ജയരാജൻ പറഞ്ഞു.
തനിക്കെതിരേ നടക്കുന്ന വ്യാജ ആക്ഷേപങ്ങൾക്കെതിരേ ഡിജിപിക്ക് പരാതി നൽകിയെന്നും സ്വകാര്യ ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ഇ.പി. ജയരാജൻ പറഞ്ഞു.