ചിപ്പ് ഇല്ലെങ്കിൽ പണം വേണ്ടെന്നു കേന്ദ്രം; ചിപ്പില്ലാതെ പണം വാങ്ങാൻ കേരളം
റെനീഷ് മാത്യു
Thursday, September 28, 2023 6:46 AM IST
കണ്ണൂർ: വാഹനങ്ങളുടെ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റുകൾ (ആർസി) ചിപ്പില്ലാത്ത കാർഡിൽ നല്കുന്പോൾ പണം വാങ്ങരുതെന്നു കേന്ദ്രം. എന്നാൽ, ചിപ്പില്ലാത്ത കാർഡ് നല്കി പണം വാങ്ങാൻ കേരളം.
ചിപ്പില്ലാത്ത പിവിസി കാർഡുകൾക്ക് 200 രൂപ വച്ച് ഈടാക്കണമെന്നാവശ്യപ്പെട്ട് ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഉത്തരവ് പുറത്തിറങ്ങി. കേന്ദ്ര ഗതാഗത വകുപ്പിന്റെ ഉത്തരവിൽ പറയുന്നതു പിവിസി രൂപത്തിലുള്ള ലാമിനേറ്റഡ് കാർഡുകൾ നല്കുന്പോൾ പണം ഈടാക്കരുതെന്നാണ്. ചിപ്പ് ഘടിപ്പിച്ച ഇന്റഗ്രേറ്റഡ് സർക്യൂട്ട് കാർഡ് (ഐസിസി) അല്ലെങ്കിൽ പ്രോക്സിമിറ്റി ഇന്റഗ്രേറ്റഡ് സർക്യൂട്ട് കാർഡ് (പിഐസിസി) എന്നിവ നല്കുന്പോൾ മാത്രമാണ് 200 രൂപ ഈടാക്കാൻ പാടുള്ളൂ എന്നാണ് ഉത്തരവിൽ പറയുന്നത്. ഇത്തരം കാർഡുകളിൽ ചിപ്പ് വയ്ക്കുവാനും സ്മാർട്ടാക്കാനും ചെലവ് കൂടും. ഇതാണ്, 200 രൂപ വാങ്ങുന്നത്. എന്നാൽ, ചിപ്പില്ലാത്ത പിവിസി കാർഡിന് അഞ്ചു രൂപ മാത്രമാണു ചെലവു വരുന്നത്. ഇതിനാണു സംസ്ഥാന സർക്കാർ 200 രൂപ ഈടാക്കുന്നത്.
വാഹനങ്ങളുടെ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റുകൾ പിവിസി കാർഡുകളിലേക്കു മാറ്റാനുള്ള രജിസ്ട്രേഷൻ ഇന്നാണ് ആരംഭിക്കുക. ഒക്ടോബർ നാലുമുതൽ കാർഡ് അച്ചടിച്ച് വിതരണം ചെയ്യും. ഡ്രൈവിംഗ് ലൈസൻസ് അച്ചടിക്കുന്ന തേവരയിലെ കേന്ദ്രീകൃത യൂണിറ്റിലാണ് ഇതും തയാറാക്കുന്നത്. നിലവിൽ, ആർസി ലാമിനേറ്റഡ് കാര്‍ഡുകളിലായിരുന്നു തയാറാക്കിയിരുന്നത്.
കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ ഒക്ടോബര്‍ മൂന്നിനു മുമ്പ് തീര്‍ക്കാന്‍ മോട്ടോർ വാഹന വകുപ്പ് ഓഫീസുകള്‍ക്ക് നിർദേശം നൽകിയിരിക്കുകയാണ്. സാങ്കേതികപ്രശ്നങ്ങൾ കാരണം പൂര്‍ത്തീകരിക്കാന്‍ കഴിയാത്തവയ്ക്കു പിവിസി കാർഡിന്റെ തുകകൂടി അടയ്ക്കേണ്ടിവരും. ലാമിനേറ്റഡ് കാര്‍ഡുകള്‍ക്ക് ഇതുവരെ ഫീസ് ഈടാക്കിയിരുന്നില്ല. സീരിയല്‍ നമ്പര്‍, യുവി ചിഹ്നങ്ങള്‍, ഗില്ലോച്ചെ പാറ്റേണ്‍, ഹോളോഗ്രാം, ഒപ്റ്റിക്കല്‍ വേരിയബിള്‍ ഇങ്ക്, ക്യുആര്‍ കോഡ് തുടങ്ങിയ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളെല്ലാമാണു പുതിയ കാർഡിന്റെ സവിശേഷത.