ഫ്രാന്‍സിസ് മാർപാപ്പ വീഡിയോകോളില്‍ വിളിച്ച ആഹ്ലാദത്തില്‍ കല്ലുകളം ശോശാമ്മ
ബെന്നി ചിറയില്‍
Friday, September 22, 2023 5:23 AM IST
ചങ്ങനാശേരി: അപ്രതീക്ഷിത നിമിഷത്തില്‍ ഫ്രാന്‍സിസ് മാർപാപ്പ വീഡിയോ കോളില്‍ വിളിച്ചു സംസാരിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്തതിന്റെ ആഹ്ലാദത്തിലാണ് ചങ്ങനാശേരി വടക്കേക്കര കല്ലുകളം ശോശാമ്മ ആന്റണി.
മംഗോളിയ യാത്രയ്ക്കിടയിലാണ് മാര്‍പാപ്പ വടക്കേക്കരയിലുള്ള കല്ലുകളം വീട്ടിലേക്കു വിളിച്ച് തൊണ്ണൂറ്റിമൂന്നുകാരിയായ ശോശാമ്മച്ചിയോട് സ്നേഹാന്വേഷണം അറിയിക്കുകയും ആശീര്‍വാദം നല്‍കുകയും ചെയ്തത്. തന്റെ ഭാരിച്ച ഉത്തരവാദിത്വം നിറവേറ്റാന്‍ തനിക്കുവേണ്ടി പ്രാര്‍ഥിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പാ വിനയപൂര്‍വം സംസാരിച്ചത് ഏറ്റവും വലിയ സന്തോഷവും ദൈവാനുഗ്രഹത്തിന്റെ നിമിഷവുമായി ശോശാമ്മ ഓര്‍ക്കുന്നു. മാര്‍പാപ്പയ്ക്കുവേണ്ടി പ്രാര്‍ഥിക്കുന്നുണ്ടെന്നും പാപ്പായ്ക്കു ടാറ്റാ നല്‍കിയെന്നും ശോശാമ്മ കൂട്ടിച്ചേര്‍ത്തു.
ശോശാമ്മയുടെ മകള്‍ ലീലാമ്മയുടെ മകന് മോണ്‍. ജോര്‍ജ് കൂവക്കാട്ട് കഴിഞ്ഞ മൂന്നുവര്‍ഷമായി വത്തിക്കാന്‍ കേന്ദ്ര കാര്യാലയത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഫ്രാന്‍സിസ് പാപ്പായുടെ ഇറ്റലിക്കു പുറത്തുള്ള വിദേശ യാത്രകളുടെ കോ-ഓര്‍ഡിനേറ്റിംഗ് ചുമതല മോണ്‍. ജോര്‍ജ് കൂവക്കാട്ടിനാണ്. കൂവക്കാട്ടച്ചന്‍ തന്റെ വല്യമ്മച്ചിയുടെ സ്നേഹവാത്സല്യങ്ങളെക്കുറിച്ചുള്ള കാര്യങ്ങള്‍ ഫ്രാന്‍സിസ് പാപ്പായോട് പലതവണ പറഞ്ഞിട്ടുണ്ട്. ഫ്രാന്‍സിസ് പാപ്പായോടൊപ്പം മോണ്‍. കൂവക്കാട്ട് കാനഡ യാത്ര നടത്തുന്ന സമയത്ത് ശോശാമ്മയ്ക്ക് കോവിഡ് ബാധിച്ച് ചെത്തിപ്പുഴ ആശുപത്രി ഐസിയുവില്‍ പ്രവേശിപ്പിച്ചു. വിവരം കൂവക്കാട്ടച്ചന്‍ സങ്കടത്തോടെ ഫ്രാന്‍സിസ് മാർ പാപ്പയെ അറിയിച്ചു.
2022 ജൂലൈയിലായിരുന്നു സംഭവം. ജൂലൈ 26ന് വിശുദ്ധ അന്ന പുണ്യവതിയുടെ തിരുനാള്‍ ദിനത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം പാപ്പാ അച്ചനോടു പറഞ്ഞു. “ഞാന്‍ വിശുദ്ധകുര്‍ബാന മധ്യേ താങ്കളുടെ വല്യമ്മച്ചിക്കുവേണ്ടി പ്രാര്ഥിച്ചിട്ടുണ്ട്. സുഖപ്പെട്ടുകൊള്ളും”. ഇതിനുശേഷം പാപ്പാ കൂവക്കാട്ട് അച്ചനോട് ശോശാമ്മയുടെ വിവിരം തിരക്കാറുണ്ടായിരുന്നു. ഇങ്ങനെയിരിക്കെയാണ് മംഗോളിയാ യാത്രയ്ക്കിടയില്‍ പാപ്പായുടെ ആവശ്യപ്രകാരം കൂവക്കാട്ടച്ചന്‍ ശോശാമ്മയെ വീഡിയോ കോളില്‍ വിളിച്ചു നല്‍കിയത്.
ഫ്രാന്‍സിസ് പാപ്പാ വിളിക്കുമ്പോള്‍ ശോശാമ്മയുടെ മകനും ചെത്തിപ്പുഴ ആശ്രമം പ്രിയോറും തിരുഹൃദയ പള്ളി വികാരിയുമായ ഫാ. തോമസ് കല്ലുകളം സിഎംഐയും മറ്റ് കുടുംബാംഗങ്ങളും ശോശാമ്മയ്ക്കൊപ്പമുണ്ടായിരുന്നു. ഫ്രാന്‍സിസ് പാപ്പാ ഫോണില്‍ വിളിച്ചത് അവിസ്മരണീയ നിമിഷമാണെന്ന് ഫാ. തോമസ് കല്ലുകളവും സഹോദരങ്ങളും പറഞ്ഞു. ചങ്ങനാശേരി അതിരൂപതാംഗവും മാമ്മൂട് സ്വദേശിയുമായ മോണ്‍. ജോര്‍ജ് കൂവക്കാട്ട് 14 വര്‍ഷമായി വത്തിക്കാന്‍ നയതന്ത്ര കാര്യാലയത്തിലെ സേവനത്തിനുശേഷമാണ് വത്തിക്കാന്‍ കേന്ദ്ര കാര്യാലയത്തില്‍ എത്തിയത്. ഇളയ മകന് സിബിച്ചനും കുടുംബത്തിനുമൊപ്പമാണ് ശോശാമ്മ താമസിക്കുന്നത്.