തട്ടിയെടുത്ത ഒന്നരക്കോടിയുമായി രക്ഷപ്പെടാൻ ശ്രമം; രണ്ടു പേർ പിടിയിൽ
Friday, June 9, 2023 1:04 AM IST
മൂന്നാര്‍: തട്ടിയെടുത്ത ഒന്നരക്കോടി രൂപയുമായി സിനിമാ സ്റ്റൈലില്‍ പോലീസിനെ വെട്ടിച്ചു വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ടു യുവാക്കള്‍ ഒടുവില്‍ പോലീസിനു കീഴടങ്ങി. ചാലക്കുടി സ്വദേശികളായ ഫെബിന് സാജു (26) എഡ്വിന് തോമസ് (27) എന്നിവരെയാണ് മൂന്നാര്‍ പോലീസിന്റെ സഹായത്തോടെ തമിഴ്നാട് പോലീസ് പിടികൂടിയത്.
ഇന്നലെ രാവിലെ 11ഓടെയായിരുന്നു സംഭവം. കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ മൂന്നാര്‍ പോലീസ് സ്റ്റേഷനു സമീപത്തുനിന്നാണ് യുവാക്കളെ പിടികൂടിയത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ യുവാക്കളുടെ ജീപ്പ് മൂന്നു വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചു. സംഭവത്തില്‍ ഒരാള്‍ക്കു പരിക്കേറ്റു. പണം വാഹനത്തില്‍നിന്ന് കണ്ടെടുത്തു. ഏതാനും നാൾ മുമ്പ് തമിഴ്നാട്ടിലെത്തിയ യുവാക്കള്‍ തിരുനെല്‍വേലിയിലെ ഒരു വ്യവസായിയില്നിന്നുമാണ് പണം തട്ടിയെടുത്തു കേരളത്തിലേക്കു കടന്നത്.
അന്വേഷണം നടത്തവേ യുവാക്കള്‍ ശാന്തമ്പാറയിലെ ഒരു റിസോര്‍ട്ടില്‍ താമസിക്കുന്നതായി പോലീസിനു വിവരം ലഭിച്ചു. പോലീസിന്റെ സാന്നിധ്യം മനസിലാക്കിയ യുവാക്കള്‍ അവിടെനിന്നു ജീപ്പുമായി അമിത വേഗത്തില്‍ കടന്നുകളയുകയായിരുന്നു.
രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വാഹനം ഇടിച്ചു റിസോര്‍ട്ടിന്റെ ഗേറ്റ് തകര്‍ന്നു. തമിഴ്നാട് പോലീസ് അറിയിച്ചതിനെത്തുടര്‍ന്നു ദേവികുളം ടോള്‍ ഗേറ്റില്‍ തടയാൻ ശ്രമിച്ചെങ്കിലും വാഹനം നിര്‍ത്താതെ പോയി. തുടര്‍ന്നു മൂന്നാര്‍ പോലീസിന്റെ നേതൃത്വത്തില്‍ ദേശീയപാതയില്‍ വാഹനം റോഡിനു കുറുകെയിട്ടു തടഞ്ഞു. ഇതോടെ വേഗത്തില്‍ പിന്നോട്ടെടുക്കാന്‍ ശ്രമിക്കവെ ഓട്ടോ, ടെമ്പോ ട്രാവലര്‍, കാര്‍ എന്നിവയിൽ ഇടിച്ചു. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് റോഡരികിലെ സുരക്ഷാഭിത്തിയില്‍ ഇടിച്ച് ഓടയ്ക്കുള്ളിലേക്കു ചരിഞ്ഞു. വാഹനത്തില്‍നിന്ന് ഇറങ്ങിയോടിയ യുവാക്കളെ പോലീസ് പിന്തുടര്ന്നു പിടികൂടുകയായിരുന്നു.
യുവാക്കളെ തമിഴ്നാട് പോലീസിനു കൈമാറി. മൂന്നാര്‍ പോലീസും സംഭവത്തില്‍ അന്വേഷണം നടത്തും. രക്ഷപ്പെടാനുള്ള ശ്രമത്തില്‍ ഇടിച്ച കാറിന്റെ ഡ്രൈവര്‍ മുഹമ്മദ് അഫ്സലിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു ചികിത്സ നല്കി.