ജോജോയ്ക്കു ഫാ. ജയിംസ് പകുത്തു നൽകിയത് പുതുജീവൻ
Thursday, June 8, 2023 2:42 AM IST
കൊച്ചി: സെമിനാരി വിദ്യാർഥികൾക്കും വിശ്വാസികൾക്കും പങ്കുവച്ച സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പാഠങ്ങൾക്ക് സ്വന്തം ജീവിതത്തിലൂടെ പൂർണത നൽകി ഒരു വൈദികൻ. സിഎംഐ സന്യാസ സഭാംഗമായ ഫാ. ജെയിംസ് കുന്തറയാണു വൃക്കരോഗിയായ നെടുമ്പാശേരി സ്വദേശി ജോജോ ജോസിനു തന്റെ വൃക്കകളിലൊന്ന് പകുത്തുനൽകി മഹാദാനവഴികളിൽ പുതിയ പര്യായമായത്.
അങ്കമാലിയിലെ ഹോട്ടലിൽ മാനേജരായിരുന്ന ജോജോയ്ക്കു വൃക്കകളുടെ തകരാർ തിരിച്ചറിയുന്നത് നാലു വർഷം മുന്പാണ്. ജീവൻ നിലനിർത്താൻ വൃക്ക മാറ്റിവയ്ക്കണമെന്ന് ഉറപ്പിച്ചതോടെ മൃതസഞ്ജീവനി പദ്ധതിയിൽ രജിസ്റ്റർ ചെയ്ത് അവയവ ദാതാവിനായി കാത്തിരിപ്പായിരുന്നു.
ഇതിനിടെയാണു ഫാ. ജെയിംസ് കുന്തറ ജോജോയുടെ രോഗവിവരം അറിഞ്ഞത്. ജോജോയുടെ ഭാര്യാസഹോദരനും മലയാറ്റൂർ നീലീശ്വരം പോപ് ജോൺ പോൾസ് സെക്കൻഡ് സെമിനാരിയിലെ വൈദിക വിദ്യാർഥിയുമായ ബ്രദർ തോമസ് ചിറ്റൂപ്പറമ്പനാണ് ഇക്കാര്യം അറിയിച്ചത്. പിറ്റേന്നുതന്നെ ബ്രദർ തോമസിന്റെ ഫോണിലേക്ക് ഫാ. ജെയിംസിന്റെ വിളിയെത്തി.
ജോജോയ്ക്ക് വൃക്ക നൽകാനുള്ള സന്നദ്ധതയറിയിച്ചായിരുന്നു ഫോൺകോൾ. മുൻപരിചയമില്ലാത്ത ഒരാൾക്കായി സെമിനാരിയിലെ ഗുരുനാഥൻകൂടിയായ ഫാ. ജെയിംസ് വൃക്ക നൽകാമെന്നു പറഞ്ഞപ്പോൾ തോമസിന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു. ബ്രദർ തോമസ് ഉടൻ ഈ വിവരം ജോജോയുടെ കുടുംബാംഗങ്ങളെ അറിയിച്ചു.
മേയ് 17ന് രാജഗിരി ആശുപത്രിയിലെ വൃക്കരോഗ വിദഗ്ധരായ ഡോ. ജോസ് തോമസ്, ഡോ. ബാലഗോപാൽ നായർ, ഡോ. സ്നേഹ പി. സൈമൺ, ഡോ. അപ്പു ജോസ്, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. സച്ചിൻ ജോർജ്, ഡോ. ശാലിനി രാമകൃഷ്മണൻ എന്നിവരടങ്ങുന്ന സംഘം വിജയകരമായി വൃക്ക മാറ്റിവച്ചു.