ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി: അഡ്വ. സൈബി ജോസിനെതിരേ ഇഡി അന്വേഷണം
Monday, June 5, 2023 12:31 AM IST
കൊച്ചി: ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി വാങ്ങിയെന്ന കേസില്‍ അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം തുടങ്ങി.
സംഭവത്തില്‍ ഇഡിക്കു പരാതി നല്കിയ അഭിഭാഷകനെ മൊഴി നല്‍കാനായി വിളിപ്പിച്ചിട്ടുണ്ട്. ഇയാള്‍ നാളെ ഹാജരാകുമെന്നാണു വിവരം. കള്ളപ്പണം വെളിപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണു ഇഡി സൈബിക്കെതിരെ കേസെടുത്തിട്ടുള്ളത്. സൈബിയുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തില്‍നിന്ന് ഇഡി വിവരങ്ങള്‍ തേടിയിരുന്നു. സൈബിയുമായി ബന്ധപ്പെട്ട കേസിന്റെ അനുബന്ധ രേഖകൾ രജിസ്ട്രാറില്‍നിന്ന് ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.
ജഡ്ജിമാരുടെ പേരില്‍ കക്ഷികളില്‍നിന്ന് 77 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാറുടെ പരാതിയില്‍ ഹൈക്കോടതി അഭിഭാഷക അസോസിയേഷന് പ്രസിഡന്റായിരുന്നു സൈബിക്കെതിരേ ജനുവരി 31നാണ് കേസെടുത്ത് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. സൈബിക്കെതിരേ ജസ്റ്റീസ് പി.വി. കുഞ്ഞിക്കൃഷ്ണന് നല്കിയ പരാതിയെത്തുടര്‍ന്ന് ചീഫ് ജസ്റ്റീസിന്റെ നിര്‍ദേശപ്രകാരം അന്വേഷണം നടത്തി കഴിഞ്ഞ ഡിസംബറിലാണ് വിജിലന്‍സ് രജിസ്ട്രാര്‍ റിപ്പോര്‍ട്ട് നല്‍കിയത്.
ജസ്റ്റീസ് കുഞ്ഞിക്കൃഷ്ണനെന്നു പറഞ്ഞ് 25 ലക്ഷവും ജസ്റ്റീസ് മുഹമ്മദ് മുഷ്താഖിനെന്ന പേരില്‍ രണ്ടു ലക്ഷവും ജസ്റ്റീസ് സിയാദ് റഹ്മാനെന്ന പേരില്‍ 50 ലക്ഷവും വാങ്ങിയതായി അറിയാമെന്നു നാല് അഭിഭാഷകര്‍ മൊഴി നല്‍കിയിരുന്നു.