പങ്കാളി കൈമാറ്റക്കേസ് : പരാതിക്കാരിയെ കൊലപ്പെടുത്തിയ ഭർത്താവും മരിച്ചു
Tuesday, May 30, 2023 12:25 AM IST
മണർകാട്: പങ്കാളി കൈമാറ്റക്കേസിലെ പരാതിക്കാരിയായ യുവതിയെ വെട്ടികൊലപ്പെടുത്തിയ ഭർത്താവും മരിച്ചു. ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയതിനു പിന്നാലെ വിഷം കഴിച്ച കങ്ങഴ പത്തനാട് സ്വദേശി ഷിനോ(32) കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇന്നലെ വെളുപ്പിനു നാലിനാണ് ഷിനോ മരിച്ചത്.
മണര്‍കാട് മാലം തുരുത്തിപ്പടിയില്‍ കാഞ്ഞിരത്തുംമൂട്ടില്‍ (കൊത്തളം) ജേക്കബി(ജോയി)ന്റെ മകള്‍ ജൂബി ജേക്കബി(26)നെ കൊലപ്പെടുത്തിയതിനു പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു. പിന്നീട് താൻ മാരകമായ വിഷം കഴിച്ചെന്നു വെളിപ്പെടുത്തി ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയത്. പിന്നീടാണ് ഇയാളെ കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റിയത്.
കഴിഞ്ഞ 19നായിരുന്നു മണർകാട് മാലത്തെ വീട്ടിൽ യുവതി ദാരുണമായി കൊല്ലപ്പെട്ടത്. അന്നു വൈകുന്നേരമാണ് ഷിനോയെ വിഷം കഴിച്ച നിലയിൽ ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിൽനിന്നു കസ്റ്റഡിയിലെടുത്തത്. ആരോഗ്യസ്ഥിതി വീണ്ടെടുത്തശേഷം ചോദ്യം ചെയ്യാനിരിക്കെയാണ് ഇന്നലെ പുലർച്ചെ മരണം.
തന്നെ മറ്റു പുരുഷന്മാരുമായി കിടക്ക പങ്കിടാൻ നിർബന്ധിക്കുന്നുവെന്നു കഴിഞ്ഞവർഷം ജനുവരിയിലായിരുന്നു യുവതി പരാതി നൽകിയത്. ഈ കേസിൽ അറസ്റ്റിലായ ഇയാൾ പുറത്തിറങ്ങിയതിനു പിന്നാലെ യുവതിയുമായി വീണ്ടും അടുത്തെങ്കിലും ലക്ഷ്യം പങ്കാളി കൈമാറ്റം തന്നെയായിരുന്നു.
കോട്ടയത്തെ യുവതി 2022 ജനുവരിയിൽ നൽകിയ പരാതിയെ തുടർന്ന് പതിനാലിൽപ്പരം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പങ്കാളി കൈമാറ്റത്തിനായി സജീവമാണെന്ന് കണ്ടെത്തുകയും ആറുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നെങ്കിലും കേസ് എങ്ങുമെത്തിയിരുന്നില്ല. അറസ്റ്റിലായ പുരുഷന്മാരുടെ ഭാര്യമാർ, തങ്ങൾ സ്വമേധയെയാണു മറ്റ് പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിന് തയാറായത് എന്ന നിലപാടെടുത്തതാണ് അന്വേഷണത്തെ വഴിമുട്ടിച്ചത്.