19 തദ്ദേശ വാർഡുകളിൽ നാളെ വോട്ടെടുപ്പ്
സ്വന്തം ലേഖകൻ
Monday, May 29, 2023 12:17 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ 19 തദ്ദേശ വാർഡുകളിൽ നാളെ ഉപതെരഞ്ഞെടുപ്പു നടക്കും.
നാളെ രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണു വോട്ടെടുപ്പ്. രാവിലെ ആറിന് മോക്പോൾ നടത്തും. വോട്ടെണ്ണൽ മേയ് 31ന് രാവിലെ 10ന് വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കുമെന്നു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. ഒൻപതു ജില്ലകളിലായി രണ്ട് കോർപറേഷൻ, രണ്ട് മുനിസിപ്പാലിറ്റി, 15 ഗ്രാമപഞ്ചായത്ത് വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ്. ആകെ 60 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ഇതിൽ 29 പേർ സ്ത്രീകളാണ്.
വോട്ടെടുപ്പിന് 38 പോളിംഗ് ബൂത്തുകൾ സജ്ജമാക്കി. തിരുവനന്തപുരം കോർപ്പറേഷനിൽ അഞ്ചും കണ്ണൂർ കോർപ്പറേഷനിൽ മൂന്നും മുനിസിപ്പാലിറ്റികളിൽ മൂന്നും ഗ്രാമപഞ്ചായത്തുകളിൽ ഇരുപത്തിയേഴും ബൂത്തുകളുണ്ടാവും.
പോളിംഗ് ഉദ്യോഗസ്ഥർക്ക് പരിശീലനം പൂർത്തിയായി. പോളിംഗ് സാധനങ്ങൾ ഇന്ന് ഉച്ചയ്ക്ക് 12നു മുൻപു സെക്ടറൽ ഓഫീസർമാർ പോളിംഗ് ബൂത്തുകളിൽ എത്തിക്കും. പോളിംഗ് ഉദ്യോഗസ്ഥർ പോളിംഗ് ബൂത്തിൽ ഹാജരായി അവ കൈപ്പറ്റണം.പ്രശ്നബാധിത ബൂത്തുകളിൽ വീഡിയോഗ്രാഫി നടത്തും. വോട്ടെടുപ്പിനും വോട്ടെണ്ണലിനും പ്രത്യേക പോലീസ് സുരക്ഷയും ഏർപ്പെടുത്തും.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകൾ:
തിരുവനന്തപുരം ജില്ല: തിരുവനന്തപുരം കോർപറേഷൻ- മുട്ടട. പഴയകുന്നുമ്മേൽ പഞ്ചായത്ത്- കാനറ.
കൊല്ലം: അഞ്ചൽ പഞ്ചായത്ത് തഴമേൽ.
പത്തനംതിട്ട: മൈലപ്ര പഞ്ചായത്ത്- പഞ്ചായത്ത് വാർഡ്
ആലപ്പുഴ: ചേർത്തല മുനിസിപ്പാലിറ്റി: മുനിസിപ്പൽ ഓഫീസ്
കോട്ടയം: കോട്ടയം മുനിസിപ്പാലിറ്റി- പുത്തൻതോട്, മണിമല പഞ്ചായത്ത്- മുക്കട, പൂഞ്ഞാർ പഞ്ചായത്ത്- പെരുന്നിലം
എറണാകുളം: നെല്ലിക്കുഴി പഞ്ചായത്ത്-തുളുശേരിക്കവല
പാലക്കാട്: പെരിങ്ങോട്ടുകുറിശി പഞ്ചായത്ത്- ബമ്മണ്ണൂർ, മുതലമട- പഞ്ചായത്ത്- പറയന്പള്ളം, ലക്കിടി പേരൂർ പഞ്ചായത്ത്- അകലൂർ ഈസ്റ്റ്, കാഞ്ഞിരപ്പുഴ പഞ്ചായത്ത്- കല്ലമല, കരിന്പ പഞ്ചായത്ത്- കപ്പടം.
കോഴിക്കോട്: ചെങ്ങോട്ടുകാവ് പഞ്ചായത്ത് ചേലിയ ടൗണ്, പുതുപ്പാടി പഞ്ചായത്ത്- കണലാട്, വേളം പഞ്ചായത്ത്-കുറിച്ചകം
കണ്ണൂർ: കണ്ണൂർ കോർപറേഷൻ പള്ളിപ്രം, ചെറുതാഴം പഞ്ചായത്ത്- കക്കോണി