അരിക്കൊന്പനിറങ്ങി, കന്പം വിറച്ചു
Sunday, May 28, 2023 3:00 AM IST
കന്പം: ഇടുക്കി ജില്ലയിലെ ചിന്നക്കനാലിൽ ജനങ്ങളുടെ സ്വൈരജീവിതത്തിനു ഭീഷണി സൃഷ്ടിച്ച അരിക്കൊന്പൻ തമിഴ്നാട്ടിലെ കന്പത്തും നാടിനെ വിറപ്പിച്ചു. ഇന്നലെ രാവിലെ എട്ടോടെ കന്പം ടൗണിലിറങ്ങിയ അരിക്കൊന്പൻ അഞ്ചു വാഹനങ്ങൾ തകർക്കുകയും നഗരത്തിലൂടെ ഭീതി വിതച്ച് തലങ്ങുംവിലങ്ങും ഓടുകയും ചെയതത് പരിഭ്രാന്തി പരത്തി. ഇതോടെ ജില്ലാ ഭരണകൂടം കന്പം ടൗണിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ജനങ്ങൾ പുറത്തിറങ്ങരുതെന്ന് മൈക്ക് അനൗണ്‍സ്മെന്റും നടത്തി. തമിഴ്നാട് വനംവകുപ്പ് ആനയെ കാട്ടിലേക്ക് തുരത്താൻ ആകാശത്തേക്ക് വെടിവയ്ക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തതോടെ നഗരത്തിനു സമീപത്തെ പുളിമരത്തോപ്പിലേക്ക് ആന ഓടിമറയുകയായിരുന്നു. കന്പം-തേനി പാത മുറിച്ചുകടന്ന അരിക്കൊന്പനെ വനംവകുപ്പധികൃതർ പിന്തുടർന്നതോടെ വാഴത്തോപ്പിലേക്ക് കടക്കുകയായിരുന്നു. ഇവിടെ നിലയുറപ്പിച്ചിരിക്കുന്ന ആന വനംവകുപ്പിന്റെ നിരീക്ഷണത്തിലാണ്.
അതേ സമയം കന്പം ടൗണിൽ ഭീതിസൃഷ്ടിച്ച ആനയെ മയക്കുവെടിവച്ച് മേഘമലയിലെ ഉൾവനത്തിലാക്കാൻ വനംവകുപ്പ് നിർദേശം നൽകിയതിനു പുറമേ മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും പ്രശ്നത്തിൽ ഇടപെട്ടു. ആവശ്യമായ എല്ലാനടപടികളും സ്വീകരിക്കാൻ ബന്ധപ്പെട്ടവർക്ക് അദ്ദേഹം നിർദേശം നൽകി.
പെരിയാർ കടുവാ സങ്കേതത്തിൽ നിന്ന് സംസ്ഥാന അതിർത്തി കടന്ന് ലോവർ ക്യാന്പ് വഴിയാണ് ആന കന്പത്തെത്തിയത്. മുക്കാൽ ലക്ഷത്തോളം ജനങ്ങൾ അധിവസിക്കുന്ന നഗരമേഖലയിൽ ആനഇറങ്ങിയതോടെ നൂറുകണക്കിനാളുകളാണ് ഇവിടേക്ക് എത്തിയത്. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതും ആനയെ തുരത്തുന്നതും വനംവകുപ്പ് ഉദ്യോഗസ്ഥർക്കും പോലീസിനും ഒരുപോലെ വെല്ലുവിളിയുയർത്തി. ആനയ്ക്ക് ഭക്ഷണവും വെള്ളവും വനംവകുപ്പ് എത്തിച്ചുനൽകിയിരുന്നു.
ആനയ്ക്ക് വാഴത്തോപ്പിൽ നിന്നു പുറത്തേക്ക് കടക്കാൻ ഒരു വഴി മാത്രമാണുള്ളത്. ഇത് വനംവകുപ്പ് അടച്ചിരിക്കുകയാണ്. വെള്ളിയാഴ്ച രാത്രി തമിഴ്നാട്ടിലെ ലോവർ ക്യാന്പിനും ഗൂഡല്ലൂരിനും ഇടയിലുള്ള വനമേഖലയിലാണ് ആനയുണ്ടായിരുന്നത്. ഇന്നലെ രാവിലെ ആനയെ കണ്ടെത്താനാവാതെ വന്നതോടെ വനം വകുപ്പ് നടത്തിയ തെരച്ചിലിലാണ് കന്പത്ത് ജനവാസ മേഖലയിൽ എത്തിയെന്ന് വ്യക്തമായത്.
രാത്രിയിൽ ജനവാസമേഖലയിൽ ആനയിറങ്ങാതിരിക്കാൻ വനംവകുപ്പിന്റെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ തീകത്തിച്ച് ആനയെ അകറ്റിനിർത്താനുള്ള ശ്രമവും നടത്തുന്നുണ്ട്.
ഡ്രോണ്‍ പറത്തിയ യൂട്യൂബർ പിടിയിൽ
കന്പം: അരിക്കൊന്പനു സമീപം ഡ്രോണ്‍ പറത്തിയ യൂട്യൂബർ പിടിയിൽ. ചിന്നമന്നൂർ സ്വദേശിയാണ് പിടിയിലായത്. ഡ്രോണ്‍ പറത്തിയതു മൂലം കൃഷിയിടത്തിൽ ശാന്തനായി നിൽക്കുകയായിരുന്ന അരിക്കൊന്പൻ വിരണ്ടോടാൻ കാരണമായിരുന്നു. നിരോധനാജ്ഞ നിലനിൽക്കുന്ന പ്രദേശത്ത് ഡ്രോണ്‍ പറത്താൻ അനുമതിയില്ലാത്തതും വിനയായി.
മിഷൻ അരിക്കൊന്പൻ-2 ഇന്നു പുലർച്ചെ
കന്പം: അരിക്കൊന്പൻ ടൗണിലിറങ്ങി പരാക്രമം തുടങ്ങിയതോടെ തമിഴ്നാട് സർക്കാരും വനംവകുപ്പും ചടുല നീക്കവുമായി രംഗത്തെത്തി. അരിക്കൊന്പനെ മയക്കുവെടിവച്ച് തളയ്ക്കാനുള്ള തീരുമാനം മണിക്കൂറുകൾക്കുള്ളിൽ പുറത്തുവന്നു. ഇന്നു പുലർച്ചെ മയക്കുവെടി വയ്ക്കാനാണ് തീരുമാനം.
തമിഴ്നാട് ചീഫ് വൈൽഡ് ലൈഫ് വാർഡനും പ്രിൻസിപ്പൽ കണ്‍സർവേറ്റർ ഓഫ് ഫോറസ്റ്ററുമായ ശ്രീനിവാസ് റെഡ്ഡിയാണ് ഇതിനുള്ള ഉത്തരവിറക്കിയത്.ശ്രീവില്ലി പുത്തൂർ മേഘമല ടൈഗർ റിസർവ് ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർക്കാണ് ദൗത്യ ചുമതല.
മയക്കുവെടി വിദഗ്ധരായ ഡോ.കലൈവാണൻ, ഡോ.പ്രകാശ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആനയെ മയക്കുവെടിവയ്ക്കുന്നത്. ദൗത്യത്തിനായി പൊള്ളാച്ചിയിൽ നിന്നു മൂന്നുകുങ്കിയാനകളെയും സ്ഥലത്തെത്തിക്കും. ഇതിനുപുറമെ സേനാവിഭാഗങ്ങൾ, വിദഗ്ധ ഡോക്ടർമാർ എന്നിവരുടെ സംഘത്തെയും എത്തിക്കും. ആനയെ പിടികൂടി മേഘമല കടുവ സങ്കേതത്തിലെ വെള്ളമല വരശനാട് താഴ്വരയിലേക്കു മാറ്റാനാണ് നീക്കം.
കുമളി മേഖലയിലുള്ള കേരളത്തിൽ നിന്നുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരും കന്പത്ത് എത്തിയിട്ടുണ്ട്. നടപടി ക്രമങ്ങളെല്ലാം സംസ്ഥാനത്ത് നടത്തിയ ഓപ്പറേഷനു സമാനമാണെങ്കിലും ഇവിടെയുണ്ടായ കാലതാമസം ഉണ്ടാകാനിടയില്ല. 80 ലക്ഷത്തോളം രൂപ ചെലവഴിച്ച് സംസ്ഥാനത്തു നടത്തിയ അരിക്കൊന്പൻ ദൗത്യം പരാജയപ്പെട്ടതോടെ വനംവകുപ്പിനെതിരേ ജനരോഷം ശക്തമായിരിക്കുകയാണ്.