പൊന്നന്പലമേട്ടിലെ പൂജ: ഒരാൾക്കൂടി അറസ്റ്റിൽ
Saturday, May 27, 2023 1:05 AM IST
പത്തനംതിട്ട: പൊന്നമ്പലമേട്ടില് അതിക്രമിച്ചു കയറി പൂജ നടത്തിയ സംഭവത്തില് ഒരാള്ക്കൂടി പിടിയിലായി. ഇടുക്കി മഞ്ജുമല സ്വദേശി സൂരജ് സുരേഷിനെയാണ് (32) വനംവകുപ്പ് ഉദ്യോഗസ്ഥര് കസ്റ്റഡിയിലെടുത്തത്.
പൂജാരി നാരായണന് നമ്പൂതിരിയെ ഗവിയിലെത്തിച്ചത് ഇയാളാണെന്നു പറയുന്നു. പൂജ നടക്കുമ്പോള് പൊന്നമ്പലമേട്ടിലും ഇയാളുടെ സാന്നിധ്യം ഉണ്ടായിരുന്നു. ഇതോടെ ഈ കേസില് പിടിയിലായവരുടെ എണ്ണം അഞ്ചായി.
നാരായണൻ നന്പൂതിരിക്കും സംഘത്തിനും പൊന്നമ്പലമേട്ടിലേക്ക് എത്താന് വഴികാട്ടികളായിരുന്ന വനംവികസന കോര്പറേഷന് ജീവനക്കാരായ രാജേന്ദ്രന്, സാബു എന്നിവരും ഇടനിലക്കാരായ കുമളി സ്വദേശി കണ്ണന്, കൊച്ചുപമ്പ കെഎഫ്ഡിസി കോളനിയില് താമസിക്കുന്ന ഈശ്വരന് എന്നിവരാണ് നിലവില് അറസ്റ്റിലായത്.
ഈശ്വരന്റെ അറസ്റ്റ് കഴിഞ്ഞ ദിവസം മൂഴിയാര് പോലീസാണ് രേഖപ്പെടുത്തിയത്. മറ്റുള്ളവരെ വനംവകുപ്പ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഇതിനിടെ ഒന്നാം പ്രതി നാരായണന് നമ്പൂതിരി സമര്പ്പിച്ച മുന്കൂര് ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.