നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം തുടരുന്നു
Tuesday, March 21, 2023 1:46 AM IST
തിരുവനന്തപുരം: ഗൗരവമായ അനുനയനീക്കങ്ങൾ ഉണ്ടാകാത്തതിനെത്തുടർന്ന് നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധവും സഭാസ്തംഭനവും ഇന്നലെയും തുടർന്നു.
മുൻനിശ്ചയ പ്രകാരം ഈ മാസം 30 വരെ തന്നെ സമ്മേളനം തുടരാൻ ഇന്നലെ ചേർന്ന കാര്യോപദേശക സമിതി യോഗം തീരുമാനിച്ചു. പ്രതിപക്ഷം യോഗത്തിൽ പങ്കെടുത്തില്ല. പ്രതിപക്ഷവുമായി ചർച്ച നടത്താൻ മുഖ്യമന്ത്രി തയാറാകാത്ത സാഹചര്യത്തിൽ നിയമസഭയിലെ പ്രതിസന്ധി തുടരാനാണു സാധ്യത.
ഇന്നലെ സമ്മേളനം ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചു. അര മണിക്കൂറോളം ചോദ്യോത്തരവേളയുമായി മുന്നോട്ടു പോയെങ്കിലും പ്രതിഷേധം ശക്തമായി തുടർന്നതോടെ സമ്മേളനം താത്കാലികമായി നിർത്തിവച്ചു. 11- ന് കാര്യോപദേശക സമിതി യോഗത്തിനു ശേഷം വീണ്ടും കൂടിയപ്പോഴും പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി നടുത്തളത്തിലിറങ്ങി. തുടർന്ന് ധനാഭ്യർഥനകൾ ചർച്ച കൂടാതെ പാസാക്കി നടപടികൾ തിടുക്കത്തിൽ പൂർത്തിയാക്കി സഭ പിരിഞ്ഞു.