മാര്‍ പാംപ്ലാനി പങ്കുവച്ചത് കര്‍ഷകരുടെ വേദന: അഡ്വ. വി.സി. സെബാസ്റ്റ്യന്‍
Tuesday, March 21, 2023 1:09 AM IST
കൊച്ചി: റബർ വില സംബന്ധിച്ച് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി പങ്കുവച്ചത് കര്‍ഷകസമൂഹം ഇന്നു നേരിടുന്ന കഷ്ടപ്പാടിന്റെയും നഷ്ടപ്പെടലിന്റെയും രോദനവും വേദനയുമാണെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവ. വി.സി. സെബാസ്റ്റ്യന്‍. അതിനെ വര്‍ഗീയവും സാമുദായികവുമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത് മത, രാഷ്ട്രീയ വിദ്വേഷികളാണ്.
കാര്‍ഷികമേഖല നേരിടുന്ന അവഗണനയ്ക്കെതിരെ ക്രൈസ്തവ സഭാധ്യക്ഷന്മാര് ശക്തമായി പ്രതികരിക്കുമ്പോള്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ ഉത്തരവാദിത്വങ്ങളില്‍നിന്ന് ഓടിയൊളിക്കുന്നത് പാപ്പരത്തമാണ്. റബറിനു കിലോയ്ക്ക് 300 രൂപ ലഭിക്കണമെന്ന ആവശ്യത്തെ പിന്തുണയ്ക്കണം. കാര്‍ഷിക പ്രതിസന്ധികള്‍ക്കു മതവും ജാതിയും വര്‍ഗവുമില്ല. കാര്‍ഷിക വിലത്തകര്‍ച്ചയും വന്യമൃഗ ആക്രമണങ്ങളും, ബഫര്‍സോണ്‍, പരിസ്ഥിതിലോലം, പട്ടയം തുടങ്ങിയ ഭൂപ്രശ്നങ്ങളും ഒരു സമുദായത്തിന്റെ മാത്രം പ്രശ്നമല്ല.
ജനങ്ങളുടെ ജീവനും ജീവിതത്തിനും വെല്ലുവിളിയുയര്‍ത്തി സമൂഹമൊന്നാകെ കാലങ്ങളായി നേരിടുന്ന പ്രശ്നമാണ് ഉയര്‍ത്തപ്പെട്ടത്.
രാജ്യവും സംസ്ഥാനവും ഭരിക്കുന്നവരോട് ഇക്കാര്യം പൊതുസമൂഹത്തില്‍ സധൈര്യം തുറന്നുപറയുന്നതും വേദനിക്കുന്ന കര്‍ഷകസമൂഹത്തെ ചേര്‍ത്തുനിര്‍ത്തി അവരുടെ നിലനില്പിനായി ശബ്ദമുയര്‍ത്തുന്നതും കര്‍ഷകജനതയ്ക്കു പ്രതീക്ഷയേകുമെന്നും വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.