""ധനക്കമ്മി കുറച്ച് കടം നിയന്ത്രണത്തിലാക്കി''-ധനമന്ത്രി
Saturday, February 4, 2023 5:57 AM IST
ബജറ്റിലൂടെ സംസ്ഥാനത്തിന്റെ ധനകമ്മി കുറച്ചെന്നും കടം നിയന്ത്രണത്തിലാക്കിയെന്നും മന്ത്രി കെ.എൻ. ബാലഗോപാൽ. ബജറ്റ് അവതരണശേഷം നിയമസഭാ മീഡിയ സെന്ററിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടുതൽ നികുതി പിരിച്ച് കടംകുറയ്ക്കുന്ന ബജറ്റാണിത്. കേന്ദ്ര സർക്കാർ കടമെടുക്കാനുള്ള പരിധി വെട്ടിക്കുറയ്ക്കുകയും കിഫ്ബിയെകൂടി ബജറ്റിൽ കൊണ്ടുവരികയും ചെയ്തു. സംസ്ഥാനത്തിന് സ്വന്തമായി നികുതി പിരിക്കാനാകില്ല. കേന്ദ്രം ഇഷ്ടമില്ലാത്ത സംസ്ഥാനങ്ങൾക്ക് വിഹിതം വെട്ടിക്കുറയ്ക്കുന്നു.
ലോകമാകെ വ്യാപിച്ചിരിക്കുന്ന നഴ്സിംഗ് തൊഴിൽ മേഖല നമുക്കുണ്ട്. 25 നഴ്സിംഗ് കോളജുകൾ കൂടി സ്ഥാപിച്ച് കേരളത്തെ ഹെൽത്ത് ഹബ്ബാക്കാനാണ് ശ്രമം. അധ്യാപകരെ എക്സ്ചേഞ്ച് ചെയ്യാനുള്ള പദ്ധതി ഗവേഷണ മേഖലയിൽ ഗുണം ചെയ്യും. വനത്തിനുള്ളിൽ എന്തോ പ്രശ്നമുള്ളതിനാലാണ് ആട്ടിൻകൂട്ടം പോലെ ആനകളിറങ്ങിവരുന്നത്. ഇതു സംബന്ധിച്ചുപഠനം നടത്തും. വാണിജ്യഭൂമി, വാസസ്ഥലം, കാർഷികഭൂമി എന്നിവയ്ക്കെല്ലാം ഒരേ നികുതി ഈടാക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.