കൈക്കൂലി: അഭിഭാഷകനെതിരേ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് റിപ്പോര്‍ട്ട്
Wednesday, January 25, 2023 2:08 AM IST
കൊച്ചി: ഹൈക്കോടതി ജഡ്ജിമാര്‍ക്കു നല്‍കാനെന്ന പേരിൽ അഭിഭാഷകൻ കക്ഷികളില്‍നിന്നു വന്‍ തുകകള്‍ വാങ്ങിയതിനു പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും മൂന്നു ജഡ്ജിമാര്‍ക്കു നല്‍കാനെന്ന പേരില്‍ ഇയാള്‍ പണം വാങ്ങിയതായി അഭിഭാഷകരുടെ മൊഴിയുണ്ടെന്നും വ്യക്തമാക്കി ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാറുടെ റിപ്പോര്‍ട്ട്.
അഡ്വ. സൈബി ജോസിനെതിരേ ജസ്റ്റീസ് പി.വി. കുഞ്ഞിക്കൃഷ്ണന് നല്കിയ പരാതിയെത്തുടര്‍ന്ന് ചീഫ് ജസ്റ്റീസിന്റെ നിര്‍ദേശപ്രകാരം അന്വേഷണം നടത്തി കഴിഞ്ഞ ഡിസംബറിലാണ് വിജിലന്‍സ് രജിസ്ട്രാര്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഈ റിപ്പോര്‍ട്ട് തുടര്‍നടപടികള്‍ക്കായി ഡിജിപിക്കു കൈമാറിയതോടെയാണ് സംഭവത്തില്‍ പ്രാഥമികാന്വേഷണം പോലീസ് ആരംഭിച്ചത്.
ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണനു പുറമേ ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റീസ് എ.എ. സിയാദ് റഹ്മാന് എന്നീ ജഡ്ജിമാര്‍ക്കു നല്‍കാനെന്ന പേരിലും സൈബി കക്ഷികളില്‍നിന്നു പണം വാങ്ങിയതായി അഭിഭാഷകരില്‍ ചിലര്‍ മൊഴി നല്‍കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ജസ്റ്റീസ് കുഞ്ഞിക്കൃഷ്ണനു നല്‍കാനെന്നു പറഞ്ഞ് 25 ലക്ഷം രൂപ വാങ്ങിയെന്നും, ജസ്റ്റീസ് മുഹമ്മദ് മുഷ്താഖിന് നല്‍കാനെന്ന പേരില്‍ രണ്ടു ലക്ഷം രൂപയും, ജസ്റ്റീസ് സിയാദ് റഹ്മാനു നല്‍കാനെന്ന പേരില്‍ 50 ലക്ഷം രൂപയും വാങ്ങിയതായി അറിയാമെന്നാണ് ഹൈക്കോടതിയിലെ നാല് അഭിഭാഷകര്‍ മൊഴി നല്‍കിയത്.
ഇക്കാര്യം പുറത്തു പറഞ്ഞതിന് സൈബിയും കൂട്ടുകാരും കോടതിപരിസരത്തു വച്ച് തന്നെ ഭീഷണിപ്പെടുത്തിയെന്ന് ഒരു അഭിഭാഷകനും വിവരം ജസ്റ്റീസ് കുഞ്ഞിക്കൃഷ്ണനെയും വിജിലന്‍സ് രജിസ്ട്രാറെയും അറിയിച്ചതിന് സൈബി തന്നെ ഭീഷണിപ്പെടുത്തിയെന്ന് മറ്റൊരു അഭിഭാഷകനും നല്കിയ മൊഴികളില്‍ പറയുന്നു.
ഒരു സിനിമാ നിര്‍മാതാവിനെതിരായ പീഡനക്കേസില്‍ ജഡ്ജിക്കു നല്‍കാനായി സൈബി പണം വാങ്ങിയെന്നും മൊഴിയുണ്ട്.
സൈബിയുടെ വിശ്വാസ്യത സംശയകരമാണെന്നും രജിസ്ട്രാറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ധനിക കുടുംബാംഗമല്ല. എന്നാലിപ്പോള്‍ ആഡംബരജീവിതമാണു നയിക്കുന്നത്. ചലച്ചിത്രതാരങ്ങളടക്കമുള്ളവരാണ് കക്ഷികള്‍. ജഡ്ജിമാര്‍ക്കു നല്‍കാനെന്ന പേരില്‍ ഇയാള്‍ കക്ഷികളില്‍നിന്നു പണം വാങ്ങിയ നടപടി ജുഡീഷല്‍ നടപടികളിലുള്ള ഇടപെടലും നീതി നിര്‍വഹണത്തെ തടസപ്പെടുത്തുന്നതുമാണ്. ആ നിലയ്ക്ക് സൈബിയുടെ പ്രവര്‍ത്തനങ്ങള്‍ അഭിഭാഷകനിയമത്തിലെ സെക്ഷന്‍ 35 പ്രകാരമുള്ള ഔദ്യോഗിക പെരുമാറ്റദൂഷ്യത്തിന്റെ പരിധിയില്‍ വരും.
ജുഡീഷല്‍ നടപടികളിലുള്ള ഇടപെടല്‍ കോടതിയലക്ഷ്യ നിയമത്തിലെ സെക്ഷന്‍ രണ്ടിലും ഉള്‍പ്പെടും. ഈ സാഹചര്യത്തില്‍ സൈബിക്കെതിരേ അച്ചടക്കനടപടി സ്വീകരിക്കാന്‍ ബാര്‍ കൗണ്‍സിലിനെ അറിയിക്കുന്ന കാര്യത്തിലും ഇയാള്‍ക്കെതിരേ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുന്ന കാര്യത്തിലും തീരുമാനമെടുക്കണമെന്നും വിജിലന്‍സ് രജിസ്ട്രാറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.