സഹകരണ നിയമത്തിൽ സമഗ്ര ഭേദഗതി കൊണ്ടുവരും: മന്ത്രി വി.എൻ. വാസവൻ
Tuesday, December 6, 2022 11:52 PM IST
തിരുവനന്തപുരം: സഹകരണ മേഖലയിലെ അനാരോഗ്യ പ്രവണതകൾ അവസാനിപ്പിക്കാൻ സഹകരണ നിയമത്തിൽ സമഗ്ര ഭേദഗതി കൊണ്ടുവരുന്നത് സർക്കാരിന്റെ പരിഗണനയിലാണെന്ന് മന്ത്രി വി.എൻ. വാസവൻ നിയമസഭയെ അറിയിച്ചു.
കരുവന്നൂർ സഹകരണ ബാങ്ക് ക്രമക്കേടിന്റെ പശ്ചാത്തലത്തിൽ രൂപീകരിച്ച ഉന്നതാധികാര സമിതി, ക്രമക്കേടുകൾ തടയുന്നതിനുള്ള നിർദേശങ്ങൾ സമർപ്പിച്ചിട്ടുണ്ട്. ഈ നിർദേശങ്ങൾ നടപ്പാക്കാൻ നിയമ ഭേദഗതി ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി.
സംഘങ്ങളുടെ ഓഡിറ്റ് ശക്തമാക്കുന്നതിനായി സീനിയർ ഡപ്യൂട്ടി അക്കൗണ്ടന്റ് ജനറലിനെ സഹകരണ ഓഡിറ്റ് ഡയറക്ടറായി നിയമിച്ചു. ടീം ഓഡിറ്റ് സംവിധാനം നടപ്പാക്കാനും നടപടി സ്വീകരിച്ചു. 1607 പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളിലും ശാഖകളിലും ഏകീകൃത സോഫ്റ്റ്വേർ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.