മരിച്ചവരിൽ വെളിയം സ്വദേശിയും
Friday, October 7, 2022 2:11 AM IST
കൊട്ടാരക്കര: വടക്കഞ്ചേരിയിൽ കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വെളിയം സ്വദേശി മരിച്ചു. വെളിയം വൈദ്യൻകുന്ന് ഓമനകുട്ടൻ-ദേവി ദമ്പതികളുടെ മകൻ അനൂപ് (22) ആണ് അപകടത്തിൽ മരിച്ചത്. ഐടിഐ പാസായ അനൂപ് ഉന്നതപഠനത്തിനായി കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് 3.30 നാണ് വീട്ടിൽ നിന്ന് പോയത്.
പിതാവ് സ്കൂട്ടറിൽ അനൂപിനെ കൊട്ടാരക്കര റെയിൽവേ സ്റ്റേഷനിൽ കൊണ്ടുവന്നു വിട്ടു. താമസിച്ച് എത്തിയതിനാൽ ട്രെയിൻ കിട്ടിയില്ല. തുടർന്ന് കൊട്ടാരക്കര നിന്ന് കെഎസ്ആർടിസി ബസിൽ കയറി പോകുകയായിരുന്നു.
ഇന്നലെ രാവിലെയാണ് അനൂപ് മരണമടഞ്ഞ വിവരം വീട്ടിൽ അറിയുന്നത്. അനൂപ് കെഎസ്ആർടിസി ബസിന്റെ പിൻ ഭാഗത്തായി ഇരിക്കുകയായിരുന്നു. പിറകുവശത്തുകൂടി അമിതവേഗത്തിൽ എത്തിയ ടൂറിസ്റ്റ് ബസ് ഇടിക്കുകയായിരുന്നു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ മോർച്ചറിയിലാണ്. പട്ടാളക്കാരനായ അനന്ദുവാണ് സഹോദരൻ. സംസ്കാരം ഇന്ന് നടക്കും.