പ്രവർത്തനങ്ങൾക്കു പിന്തുണയുമായി സൗരവ് ഗാംഗുലി ഇന്നു മുഖ്യമന്ത്രിയെ കാണും
Wednesday, September 28, 2022 1:48 AM IST
തിരുവനന്തപുരം: സ്കൂൾ- കോളജ് വിദ്യാർഥികൾക്കിടയിൽ പോലും ലഹരിയുടെ ഉപയോഗം വ്യാപകമായ സാഹചര്യത്തിൽ തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി സംസ്ഥാന സർക്കാർ ആരംഭിക്കുന്ന ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കു പിന്തുണയുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലി ഇന്നു മുഖ്യമന്ത്രി പിണറായി വിജയനെ കാണും. ക്ലിഫ്ഹൗസിൽ ഉച്ചകഴിഞ്ഞ് 3.15നാണ് കൂടിക്കാഴ്ച.
കാര്യവട്ടം സ്റ്റേഡിയത്തിൽ ഇന്നു വൈകുന്നേരം നടക്കുന്ന ടി- 20 ക്രിക്കറ്റ് മത്സരത്തിൽ പങ്കെടുക്കുന്നതിനാണു ഗാംഗുലി കേരളത്തിലെത്തിയത്.
ലഹരിക്കെതിരേ ഒക്ടോബർ രണ്ടിനു ഗാന്ധിജയന്തിദിനത്തിൽ തുടങ്ങുന്ന കാന്പയിൻ നവംബർ ഒന്നിനു കേരളപ്പിറവി ദിനംവരെ നീളും. സ്കൂൾ തലം മുതൽ സംസ്ഥാനതലം വരെ ഒരു മാസം നീളുന്ന ലഹരിവിരുദ്ധ പ്രവർത്തനങ്ങളാണു സംഘടിപ്പിക്കാൻ ഉദ്ദേശിച്ചിട്ടുള്ളത്.
കേരള ക്രിക്കറ്റ് അസോസിയേഷന് സംസ്ഥാനത്തു സ്വന്തമായി ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കേണ്ട പദ്ധതിയും ഇതിന്റെ ആവശ്യകതയും സൗരവ് ഗാംഗുലി മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തും. കാര്യവട്ടത്തെ രാജ്യാന്തര സ്റ്റേഡിയം സംബന്ധിച്ച പ്രശ്നങ്ങളും ചർച്ചയിൽ വരും.