ഹെൽമറ്റ് വച്ച് ബസ് ഡ്രൈവർ... ‘യാത്ര വൈറൽ'
Saturday, September 24, 2022 12:56 AM IST
ആലുവ: സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹർത്താൽ അക്രമാസക്തമായി പുരോഗമിക്കുന്നതിനിടെ കെഎസ്ആര്‍ടിസി ഡ്രൈവർ ഹെൽമറ്റ് ധരിച്ച് ബസ് ഓടിച്ച വീഡിയോ വൈറലായി. പത്തുവർഷം മുമ്പ് ഒരു ഹർത്താൽ ദിനത്തിൽ കല്ലേറിൽ ചില്ല് തകർന്നു കണ്ണിനു പരിക്കേറ്റത് ആവർത്തിക്കാതിരിക്കാനാണ് മുൻകരുതൽ എടുത്തതെന്ന് ഡ്രൈവർ പി.എസ്. ലത്തീഫ് പറഞ്ഞു.
ആലുവ കെഎസ്ആര്‍ടിസി ബസ് ഡിപ്പോയിൽ എറണാകുളത്തുനിന്നെത്തിയ ബസിന്റെ ഡ്രൈവറുടെ വീഡിയോയാണ് വൈറലായത്. യാത്രക്കാരാണ് വീഡിയോ എടുത്തത്.
കല്ലേറിൽനിന്ന് തലയ്ക്കും കണ്ണിനും സംരക്ഷണം ലഭിക്കാൻ ഡ്രൈവർമാർ ഹെൽമറ്റ് ധരിച്ച് സേവനത്തിനിറങ്ങി എന്ന പേരിലാണ് വീഡിയോ പ്രചരിച്ചത്. ബസിന് അകത്തുനിന്ന് യാത്രക്കാരൻ എടുത്ത വീഡിയോയും പ്രചരിച്ചു.
പത്തുവർഷം മുമ്പ് കോഴിക്കോടുനിന്ന് തൊടുപുഴയ്ക്കു വരുമ്പോഴാണ് ബസിനു നേരെ കല്ലേറു നടന്നത്. ബസിന്റെ മുൻ ചില്ല് തകർന്ന് ഏതാനും തരി കണ്ണിലേക്ക് തെറിച്ചു വീണു. കണ്ണിലുണ്ടായ മുറിവു മാറാൻ രണ്ടുവർഷം ചികിത്സ വേണ്ടി വന്നു.
പരിക്ക് മുഴുവനായി സുഖമായെന്ന് പറയാനാകില്ല. കണ്ണിന് ചിലപ്പോഴൊക്കെ വേദന ഉണ്ടാകാറുണ്ട്. കണ്ണുനീരും വരാറുണ്ട്. ഇതിനെത്തുടർന്നാണ് എന്ന് ഹർത്താൽ പ്രഖ്യാപിച്ചാലും ഹെൽമറ്റ് ധരിച്ച് മാത്രമേ വണ്ടി ഓടിക്കൂയെന്ന് തീരുമാനിച്ചതെന്നും ലത്തീഫ് പറഞ്ഞു. ആലുവ മേഖലയിൽ അഞ്ചോളം ബസുകൾക്കെതിരേയാണ് ഇന്നലെ കല്ലേറ് നടന്നത്.