സഹപാഠിയെ മുറിവേൽപ്പിച്ച പ്ലസ്വൺ വിദ്യാർഥിനിക്കെതിരേ വധശ്രമക്കേസ്
Friday, July 1, 2022 1:14 AM IST
തലശേരി: പ്ലസ് വൺ പരീക്ഷയ്ക്കിടെ സഹപാഠിയെ മുറിവേൽപ്പിച്ച പ്ലസ് വൺ വിദ്യാർഥിനിക്കെതിരേ പോലീസ് വധശ്രമത്തിനു കേസെടുത്തു.
ഐപിഎസ് 307, 324, 341 എന്നീ വകുപ്പുകൾ പ്രകാരം വധശ്രമം, മാരകായുധം ഉപയോഗിക്കൽ, തടഞ്ഞുനിർത്തൽ എന്നീ കുറ്റങ്ങളാണു പെൺകുട്ടിക്കെതിരേ ചുമത്തിയിട്ടുള്ളത്. ആൺസുഹൃത്തുമായി നടത്തുന്ന ചാറ്റിംഗ് സംബന്ധിച്ച തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ട്. അടുത്ത സുഹൃത്തുക്കളും ഒരേ നാട്ടുകാരായ ഇരു പെൺകുട്ടികളും ഏതാനും ദിവസങ്ങളായി അകൽച്ചയിലായിരുന്നുവെന്നു പോലീസിന്റെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ആക്രമണത്തിൽ കൈക്കും കഴുത്തിനും ആഴത്തിൽ മുറിവേറ്റ പെൺകുട്ടിയിൽനിന്നു പോലീസ് വിശദമായ മൊഴി രേഖപ്പെടുത്തി. പരീക്ഷാഹാളിൽ ഉണ്ടായിരുന്ന മറ്റു കുട്ടികളിൽനിന്നു പോലീസ് വിവരങ്ങൾ ശേഖരിച്ചു.