അക്രമം സിപിഐ ആസൂത്രണം ചെയ്തതെന്ന് സിപിഎം
Wednesday, January 26, 2022 12:52 AM IST
പത്തനംതിട്ട: കൊടുമണ് അങ്ങാടിക്കൽ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നടന്ന അക്രമസംഭവങ്ങൾ സിപിഐ ജില്ലാ, പ്രാദേശിക നേതാക്കൾ ആസൂത്രണം ചെയ്തു നടപ്പാക്കിയതെന്ന് സിപിഎം കൊടുമണ് ഏരിയ സെക്രട്ടറി എ.എൻ. സലിം ആരോപിച്ചു.
അക്രമി സംഘം സിപിഎം പ്രവർത്തകരെയും പോലീസിനെയും ആക്രമിക്കുകയായിരുന്നു. സംഘർഷത്തിലെ ചില ഭാഗങ്ങൾ എഡിറ്റു ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് അക്രമം നടത്തിയത് സിപിഎമ്മാണെന്നു വരുത്തി തീർക്കാനുള്ള ശ്രമമാണ് സിപിഐ നടത്തുന്നത്. അക്രമത്തിൽ പോലീസിനു സിപിഐ മൊഴി നൽകിയത് ഇന്നലെയാണ്. അക്രമി സംഘത്തിലുണ്ടായിരുന്നവർക്ക് ക്രിമിനൽ പശ്ചാത്തലമുള്ളവരാണ്.
സിപിഎം പുറത്താക്കിയ ചിലരെ സിപിഐ ജില്ലാ നേതൃത്വം ഇടപെട്ട് പാർട്ടിയിൽ ചേർക്കുകയും അങ്ങാടിക്കൽ ബാങ്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നൽകുകയുമായിരുന്നുവെന്ന് ഏരിയാ സെക്രട്ടറി പറഞ്ഞു.