പുലി ആക്രമണം: ചികിത്സാ ചെലവുപോലും കിട്ടാതെ റോസിലി
Monday, November 29, 2021 12:34 AM IST
കോതമംഗലം: കോട്ടപ്പടി പ്ലാമുടിയിൽ പുലിയാക്രമണത്തിന് ഇരയായ വീട്ടമ്മയുടെ ചികിത്സാ ചെലവ് ഇനിയും ലഭ്യമായിട്ടില്ല. പ്ലാമുടി ജംഗ്ഷനു സമീപം ചേറ്റൂർ മാത്യുവിന്റെ ഭാര്യ റോസിലി(59)ക്കാണ് പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. കഴിഞ്ഞ രണ്ടിന് ഉച്ചകഴിഞ്ഞ് 3.45ഓടെ ഇവരുടെ വീടിന് പിന്നിലായിരുന്നു സംഭവം.
പുരയിടത്തിലെ മഞ്ഞൾ കൃഷിയിൽ വളം ഇടുകയായിരുന്നു റോസിലി. മഞ്ഞൾച്ചെടിക്കിടയിൽ ഏതോ ജീവിയുടെ അനക്കം കേട്ട് നോക്കിയപ്പഴേക്കും പുലി റോസിലിയുടെ മേലേക്ക് ചാടിവീഴുകയായിരുന്നു. കുതറിമാറുന്നതിനിടെ ഇരു കൈക്കും പരിക്കേറ്റു. ഇടതുകൈയുടെ മുട്ടിനു മുകളിൽ ആഴത്തിൽ മുറിവേറ്റിരുന്നു.
കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ആഴ്ചകൾ നീണ്ട ചികിത്സ വേണ്ടിവന്നു. ഇപ്പോഴും കൈയുടെ മരവിപ്പും വേദനയും പൂർണമായും മാറിയിട്ടില്ലെന്ന് റോസിലി പറഞ്ഞു. ഒരു ലക്ഷം രൂപയിലേറെ ചികിത്സയ്ക്കും അനുബന്ധ ആവശ്യങ്ങൾക്കുമായി വേണ്ടിവന്നു.
നാട്ടുകാരുടെ എതിർപ്പ് ശക്തമായതോടെ ആക്രമണത്തിന് ഇരയായ വീട്ടമ്മയുടെ ചികിത്സാ ചെലവ് പൂർണമായും വനംവകുപ്പ് ഏറ്റെടുക്കുമെന്ന് അധികൃതർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ തുടർനടപടി ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ട്.
ജില്ലയുടെ കിഴക്കൻ മേഖലയിൽ വന്യമൃഗ ആക്രമണം വർധിച്ച് ജനങ്ങൾ ഭീതിയിലാണ്. മുൻകാലങ്ങളിൽ കാട്ടാനയും കാട്ടുപന്നിയുമായിരുന്നു ജനവാസമേഖലയിലിറങ്ങി ജീവനും കൃഷിക്കും നാശം വരുത്തിയിരുന്നത്.