രക്ഷാ പ്രവർത്തനത്തിന് സൈന്യവും
Sunday, October 17, 2021 1:46 AM IST
തിരുവനന്തപുരം: അതിതീവ്ര മഴയെതുടർന്നുണ്ടായ ഉരുൾപൊട്ടലിലും പ്രകൃതി ദുരന്തങ്ങളിലും രക്ഷാ പ്രവർത്തനത്തിന് സൈന്യവും. ആർമിയുടെ രണ്ടു ടീമുകളെ സംസ്ഥാനത്തു വിന്യസിച്ചു. കൂട്ടിക്കലിൽ സൈന്യത്തിന്റെ ഒരു യൂണിറ്റിനെ വിന്യസിച്ചു.
പാങ്ങോട് മിലിട്ടറി സ്റ്റേഷനിലെ മേജർ അബിൻ പോളിന്റെ നേതൃത്വത്തിലുള്ള 35 അംഗ സംഘം ഇന്നലെ വൈകുന്നേരം കാഞ്ഞിരപ്പള്ളിയിൽ എത്തി. എംഐ17, സാരംഗ് ഹെലികോപ്റ്ററുകൾ രക്ഷാപ്രവർത്തനത്തിനുണ്ട്.
ആവശ്യമെങ്കിൽ കൂടുതൽ ഹെലികോപ്റ്ററുകൾ രംഗത്തിറക്കും. ദേശീയ ദുരന്ത പ്രതികരണ സേനയുടെ ആറു സംഘങ്ങളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലും ഡിഫൻസ് സെക്യുരിറ്റി കോറിന്റെ രണ്ടു ടീമുകളെ കണ്ണൂരും കോഴിക്കോട്ടും വിന്യസിച്ചു.