ചോരക്കുഞ്ഞിനെ കരിയിലകൾക്കിടയിൽ ഉപേക്ഷിച്ച യുവതി അറസ്റ്റിൽ
Wednesday, June 23, 2021 12:07 AM IST
ചാത്തന്നൂർ: പ്രസവിച്ച ഉടൻ ചോരക്കുഞ്ഞിനെ റബർത്തോട്ടത്തിൽ ഉപേക്ഷിച്ച യുവതിയെ ആറ് മാസത്തിനുശേഷം പോലീസ് അറസ്റ്റ് ചെയ്തു. നിരവധി പേരുടെ ഡിഎൻഎ പരിശോധന ഉൾപ്പെടെ നടത്തിയ ശേഷമാണ് യഥാർഥ പ്രതിയെ ചാത്തന്നൂർ എസിപി വൈ. നിസാമുദീന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കല്ലുവാതുക്കൽ വരിഞ്ഞം ഊഴായ്ക്കോട് പേഴുവിള വീട്ടിൽ സുദർശനൻ പിള്ളയുടെയും സീതയുടെയും മകൾ രേഷ്മ (22) യാണ് അറസ്റ്റിലായത്.
കഴിഞ്ഞ ജനുവരി അഞ്ചിനാണ് സുദർശനൻ പിള്ളയുടെ വീടിനോട് ചേർന്നുള്ള റബർത്തോട്ടത്തിൽ കരിയിലകൾകൊണ്ടു മൂടിയ നിലയിൽ ചോരക്കുഞ്ഞിനെ കണ്ടെത്തിയത്. വീട്ടുകാർ തന്നെയാണ് കുഞ്ഞിനെ കണ്ടത്. പിന്നീട് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് കുഞ്ഞിനെ പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രണ്ടാം ദിവസം കുഞ്ഞ് മരിച്ചു.
കുഞ്ഞിനെ ഉപേക്ഷിച്ചവരെ കണ്ടെത്താനും കുഞ്ഞിന്റെ മാതാവിനെ കണ്ടെത്താനുമായി പോലീസ് വ്യാപകമായി അന്വേഷണം നടത്തിയിരുന്നു. നിരവധിപ്പേരെ ചോദ്യം ചെയ്തു. അവസാനം പ്രദേശത്തുള്ള, സംശയമുള്ളവരെ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. അന്ന് ഡിഎൻഎ പരിശോധന നടത്തുമ്പോൾ എട്ടു പേരാണ് പോലീസിന്റെ സംശയനിഴലിലുണ്ടായിരുന്നത്.
ഡിഎൻഎ പരിശോധനയുടെ ഫലം ലഭിച്ചശേഷമാണു പാരിപ്പള്ളി സർക്കിൾ ഇൻസ്പെക്ടർ ടി. സതികുമാറിന്റെ നേതൃത്വത്തിൽ പോലീസ് രേഷ്മയെ കസ്റ്റഡിയിലെടുത്തത്. ചോദ്യംചെയ്യലിൽ രേഷ്മ കുറ്റം സമ്മതിക്കുകയായിരുന്നു.
പോലീസ് പറയുന്നത്: രേഷ്മ വിവാഹിതയും മൂന്നു വയസുള്ള പെൺകുട്ടിയുടെ മാതാവുമാണ്. ഭർത്താവ് ഗൾഫിലാണ്. ഭർത്താവിൽ ജനിച്ച കുഞ്ഞിനെയാണു പ്രസവിച്ച ഉടൻ ഉപേക്ഷിച്ചതെന്നാണു രേഷ്മ പോലീസിനോ ടു പറഞ്ഞത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഒരാള്ക്കൊപ്പം ജീവിക്കാൻവേണ്ടിയാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നും രേഷ്മ പറയുന്നു. ഇത് പോലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. ഫേസ്ബുക്ക് കാമുകൻ കൊല്ലം സ്വദേശിയാണെന്നാണ് രേഷ്മ പറയുന്നത്.
അങ്ങനെ ഒരു വ്യക്തി ഉണ്ടോ എന്നറിയാൻ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു. രേഷ്മയെ പരവൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.