ഡോ. സി.എസ്. മോഹൻദാസ് അന്തരിച്ചു
Monday, June 14, 2021 1:11 AM IST
ഒറ്റപ്പാലം: പ്രമേഹ ചികിത്സയിലെ അതികായനും, സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഗവർണർ ജനറൽ സി. രാജഗോപാലാചാരിയുടെ ഡോക്ടറുമായിരുന്ന ഒറ്റപ്പാലം ചെന്പുള്ളി വീട്ടിൽ ഡോ.സി.എസ്. മോഹൻദാസ് (90) അന്തരിച്ചു. ഇന്നലെ രാവിലെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചെന്നൈ സ്റ്റാൻലി മെഡിക്കൽ കോളജിലെ റിട്ടയേഡ് പ്രഫസറാണ്.
ബ്രിട്ടീഷ് ഭരണകാലത്ത് ജന്മിയുടെ ഭൂമിയിൽ കർഷകർക്കുള്ള അവകാശങ്ങൾക്കായി കുടിയാന്മ നിയമം പാസാക്കാൻ മുന്നിട്ടിറങ്ങുകയും 150ലേറെ കുടിയാൻ സംഘങ്ങൾ രൂപീകരിക്കുകയും ചെയ്ത സ്വാതന്ത്ര്യസമര സേനാനി ജി. ശങ്കരൻനായരുടെയും ഒറ്റപ്പാലം കണ്ണിയംപുറം ചെന്പുള്ളി കുഞ്ഞിമാളു അമ്മയുടെയും മകനാണ്.
തമിഴ്നാട് ആരോഗ്യ വകുപ്പിലായിരുന്നു ഡോ. മോഹൻദാസിന്റെ ആദ്യകാല സേവനം. മദ്രാസ് മെഡിക്കൽ കോളജിൽ രജിസ്ട്രാറായും എംഡി എക്സാമിനറായും പ്രവർത്തിച്ചിട്ടുണ്ട്. സി. രാജഗോപാലാചാരിയുടെ അവസാനകാലത്തെ ചികിത്സയ്ക്ക് സ്റ്റാൻലി മെഡിക്കൽ കോളജിൽ നേതൃത്വം നൽകിയത് ഡോ. മോഹൻദാസാണ്.
പ്രമേഹം, അനുബന്ധരോഗങ്ങൾ എന്നിവ സംബന്ധിച്ച് 1978ൽ ബംഗളൂരുവിൽ നടന്ന ദേശീയ കോണ്‍ഗ്രസിൽ അദ്ദേഹം അവതരിപ്പിച്ച പ്രബന്ധമാണ് യോഗാ തെറാപ്പിയിലൂടെ പ്രമേഹം നിയന്ത്രിക്കാമെന്ന ആശയത്തിനു വിത്തുപാകിയത്.
വിരമിച്ചശേഷം കണ്ണിയംപുറം ചെന്പുള്ളി വീട് ആസ്ഥാനമാക്കി സ്ഥാപിച്ച ഡയബെറ്റിക് കെയർ ക്ലബ്, ജുവനൈൽ ഡയബറ്റിക് ഫൗണ്ടേഷൻ എന്നിവ വഴി ഒട്ടേറെപ്പേർക്ക് സൗജന്യ ചികിത്സ ഉൾപ്പെടെ നൽകി. സമീപകാലത്തായി വാർധക്യസഹജമായ അസുഖങ്ങളാൽ വിശ്രമജീവിതം നയിക്കുകയായിരുന്നു.