മലയാറ്റൂരിൽ എട്ടാമിടം തിരുനാൾ സമാപിച്ചു
Monday, April 19, 2021 12:23 AM IST
മലയാറ്റൂർ: അന്തർദേശീയ തീർഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയിലും സെന്റ് തോമസ് പള്ളിയിലും (താഴത്തെപളളി) മാർത്തോമാശ്ലീഹായുടെ പുതുഞായർ തിരുനാളിന്റെ എട്ടാമിടം ആഘോഷിച്ചു. പൊന്നിൻകുരിശു മല മുത്തപ്പോ പൊൻ മലകയറ്റം എന്ന ശരണമന്ത്രവുമായി നിരവധി വിശ്വാസികൾ മലകയറി.
കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് ചടങ്ങുകൾ നടന്നത്. താപനില പരിശോധനയ്ക്കുശേഷമാണ് വിശ്വാസികളെ നിശ്ചിത ഇടവേളകളിൽ മലകയറാൻ അനുവദിച്ചത്. തിരക്ക് പൂർണമായും ഒഴിവാക്കിയുള്ള മലകയറ്റത്തിനായി വണ്‍വേ സന്പ്രദായവും ഏർപ്പെടുത്തിയിരുന്നു. പ്രദക്ഷിണത്തിനും പൊൻപണമിറക്കുന്നതിനും മറ്റു ചടങ്ങുകൾക്കും നിയന്ത്രണങ്ങൾക്ക് വിധേയമായി നിശ്ചിത എണ്ണത്തിലുള്ള വിശ്വാസികളെ മാത്രമാണ് പങ്കെടുപ്പിച്ചത്.
കുരിശുമുടിയിൽ എട്ടാമിടം സമാപനത്തിൽ തിരുനാൾ പാട്ടുകുർബാന, പ്രദക്ഷിണം, പൊൻപണമിറക്കൽ എന്നിവ നടന്നു. താഴത്തെ പള്ളിയിൽ രാവിലെ തിരുനാൾ പാട്ടുകുർബാന ഉണ്ടായിരുന്നു. വൈകുന്നേരം പൊൻപണം സ്വീകരിക്കൽ, ആഘോഷമായ പാട്ടുകുർബാന, തിരുസ്വരൂപം എടുത്തുവയ്ക്കൽ, കൊടിയിറക്കം എന്നിവയോടെ തിരുനാൾ സമാപിച്ചു.