പി.കെ. ബിജുവിന്റെ ഭാര്യയുടെ നിയമനം: ഗവർണർക്കു പരാതി നൽകി
Monday, April 19, 2021 12:22 AM IST
തിരുവനന്തപുരം: മുൻ എംപിയും സിപിഎം നേതാവുമായ പി.കെ. ബിജുവിന്റെ ഭാര്യക്കു കേരള സർവകലാശാലയിൽ ലഭിച്ച അസിസ്റ്റന്റ് പ്രഫസർ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗവർണർക്കു പരാതി. സേവ് യൂണിവേഴ്സിറ്റി കാന്പയിൻ സമിതിയാണ് സർവകലാശാല ചാൻസലർ കൂടിയായ ഗവർണർക്കു പരാതി സമർപ്പിച്ചത്.
യുജിസിക്കും പരാതി കൈമാറിയിട്ടുണ്ട്. നിയമനം ലഭിക്കാൻ സമർപ്പിച്ച ഗവേഷണ പ്രബന്ധങ്ങളിലെ ഡാറ്റ കോപ്പിയടിച്ചതാണെന്നാണ് പരാതിയിലെ ആരോപണം.
കേരള സർവകലാശാലയുടെ ബയോകെമിസ്ട്രി പഠന വകുപ്പിലാണു പി.കെ. ബിജുവിന്റെ ഭാര്യക്ക് അസിസ്റ്റന്റ് പ്രഫസറായി നിയമനം നൽകിയത്. 2020ൽ അപേക്ഷിച്ച 140 പേരിൽ നിന്നാണ് ഓപ്പണ്‍ തസ്തികയിൽ ഒന്നാം റാങ്ക് ലഭിച്ചത്. അപേക്ഷയോടൊപ്പം സമർപ്പിച്ച ഗവേഷണ പ്രബന്ധങ്ങൾക്കു ലഭിച്ച മാർക്കിന്റെ കൂടി അടിസ്ഥാനത്തിലാണ് ഒന്നാം റാങ്ക് നൽകിയത്. രാജ്യാന്തര തലത്തിൽ അംഗീകരിക്കപ്പെട്ട പബ്പീർ വെബ്സൈറ്റ് വഴിയാണ് ഡാറ്റയിലെ സാദൃശ്യവും സാമ്യവും കണ്ടെത്തിയതെന്നാണ് പരാതിയിൽ പറയുന്നത്.
ഡാറ്റ തട്ടിപ്പ് പരിശോധിക്കാൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദഗ്ധരെ ചുമതലപ്പെടുത്തണമെന്ന് ഗവർണറോടും യുജിസി അധ്യക്ഷനോടും വൈസ്ചാൻസലറോടും സേവ് യൂണിവേഴ്സിറ്റി സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.