മലയാറ്റൂരിൽ പുതുഞായർ ആഘോഷിച്ചു
Monday, April 12, 2021 1:44 AM IST
മലയാറ്റൂർ: അന്തർദേശീയ തീർഥാടനകേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയിലും സെന്റ് തോമസ് പളളിയിലും(താഴത്തെ പളളി) പുതുഞായർ തിരുനാൾ ആഘോഷിച്ചു. വ്യാഴാഴ്ച കൊടിയേറ്റു ദിവസം മുതൽ കുരിശുമുടിയിലേക്ക് നിരവധി വിശ്വാസികൾ എത്തി. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു മലകയറ്റം. നൂറുകണക്കിന് വിശ്വാസികളാണ് കുരിശുമുടിയിലെത്തിയത്. മലയടിവാരത്തുള്ള മാർത്തോമാശ്ലീഹായുടെ കപ്പേളയിലെ തിരുസ്വരൂപത്തിന്റെ മുൻപിൽ പ്രാർഥനയർപ്പിച്ചാണ് വിശ്വാസികൾ മലകയറിയത്.
മഴ പെയ്തിറങ്ങിയെങ്കിലും വിശ്വസികൾ പൊൻപണമിറക്കൽ ചടങ്ങിൽ പങ്കെടുത്തു. മഹാഇടവകയിലെ തെരഞ്ഞെടുക്കപ്പെട്ട നിശ്ചിത പേർക്ക് മാത്രമാണ് തലചുമടായി പണമിറക്കാൻ സാധിച്ചത്. സെന്റ് തോമസ് പളളിയിൽ (താഴത്തെ പളളി) രാവിലെ നടന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. പോൾസണ്‍ പെരേപ്പാടൻ മുഖ്യകാർമികത്വം വഹിച്ചു. ഫാ. വർഗീസ് പൊട്ടയ്ക്കൽ വചന സന്ദേശം നൽകി. . കുരിശുമുടിയിലും സെന്റ് തോമസ് പളളിയിലും എട്ടാമിടം തിരുനാൾ 16 മുതൽ 18 വരെ ആഘോഷിക്കും.