ബജറ്റില്‍ അവഗണന; തെരഞ്ഞെടുപ്പില്‍ പിന്തുണ യുഡിഎഫിനെന്ന് വ്യാപാരികള്‍
Sunday, January 17, 2021 12:54 AM IST
കോഴിക്കോട്: ബജറ്റില്‍ പൂര്‍ണമായും അവഗണിച്ചതില്‍ പ്രതിഷേധിച്ച് സര്‍ക്കാരിനെതിരേ കടുത്ത തീരുമാനവുമായി വ്യാപാരികൾ. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനു പിന്തുണ നല്‍കാനാണ് കേരള വ്യാപാരി വ്യവസായി എകോപനസമിതിയുടെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട നിര്‍ണായക യോഗം ഇന്നു രാവിലെ എറണാകുളത്തുചേരുമെന്ന് സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീന്‍ ദീപികയോടു പറഞ്ഞു.
രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇന്ന് ചേരുന്ന യോഗത്തില്‍ തീരുമാനിക്കും. നിലവിലെ സാഹചര്യത്തില്‍ സിപിഎം നേതൃത്വം നല്കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ വ്യാപാരികളുടെ പ്രശ്നങ്ങള്‍ മനസിലാക്കിയില്ലെന്ന വികാരമാണ് ഇവര്‍ പങ്കുവയ്ക്കുന്നത്. പ്രശ്നങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നിര്വേദനം നല്‍കിയിരുന്നു.
മന്ത്രി തോമസ് ഐസക് ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് ഉറപ്പും നല്‍കിയിരുന്നു. എന്നാല്‍ ബജറ്റില്‍ യാതൊരു പരിഗണനയും ലഭിച്ചില്ല. ഇന്നത്തെ യോഗത്തില്‍ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യും. രണ്ടുവര്‍ഷമായി തുടരുന്ന പ്രളയ സെസ് നിര്‍ത്തലാക്കണമെന്ന അടിസ്ഥാനപരമായ ആവശ്യം പോലും സര്‍ക്കാര്‍ അവഗണിച്ചതായി വ്യാപാരികള്‍ കുറ്റപ്പെടുത്തുന്നു.