കാലവർഷം പിൻവാങ്ങുന്നു; തുലാവർഷം നാളെ മുതൽ
Tuesday, October 27, 2020 1:15 AM IST
തിരുവനന്തപുരം: തുലാവർഷം നാളെയോടെ കേരളത്തിൽ പെയ്തു തുടങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സാധാരണയായി ഒക്ടോബർ പകുതിയോടെ ആരംഭിക്കുന്ന തുലാവർഷം ഇക്കുറി വൈകിയാണെത്തുന്നത്. കാലവർഷത്തിന്റെ പിൻവാങ്ങൽ വൈകിയതാണ് കാരണം. സെപ്റ്റംബറിനു ശേഷം ബംഗാൾ ഉൾക്കടലിൽ അടിക്കടി രൂപം കൊണ്ട ന്യൂനമർദങ്ങൾ കാലവർഷത്തിന്റെ പിൻവാങ്ങൽ വൈകിക്കുകയായിരുന്നു. നാളെയോടെ രാജ്യത്തു നിന്നും കാലവർഷം പൂർണമായും പിൻവാങ്ങും.
കാലവർഷം പിൻവാങ്ങുന്നതിനു തൊട്ടു പിന്നാലെ കേരളം, തമിഴ്നാട്, പുതുച്ചേരി, അന്ധ്രപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ വടക്കു കിഴക്കൻ കാലവർഷം(തുലാവർഷം) ആരംഭിക്കുമെന്നാണ് വിലയിരുത്തൽ.
തുലാവർഷം ശക്തിപ്പെടാനാവശ്യമായ സാഹചര്യങ്ങളെല്ലാം അനുകൂലമാണ്. വടക്കു കിഴക്കൻ കാറ്റ് ശക്തിപ്പെട്ടു കഴിഞ്ഞതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ മലയോര മേഖലകളിൽ ഇടിമിന്നലോടു കൂടിയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെ ന്നും നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നൽകുന്നു. ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഇന്നു മുതൽ വെള്ളിയാഴ്ച വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇതിനു പുറമെ ഇന്ന് കൊല്ലം ജില്ലയിലും നാളെ കോട്ടയം ജില്ലയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.