യുഡിഎഫ് കൺവീനർ ഹൈദരലി തങ്ങളെ സന്ദർശിച്ചു
Monday, October 19, 2020 1:36 AM IST
മലപ്പുറം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിൽ ഉപദേശനിർദേശങ്ങൾ തേടി യുഡിഎഫ് കണ്‍വീനർ എം.എം.ഹസൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ കണ്ടു. ഇന്നലെ രാവിലെ പത്തരയോടെ പാണക്കാട്ടെത്തിയ അദ്ദേഹം അരമണിക്കൂറിലധികം മുസ്ലിംലീഗ് നേതാക്കളുമായി ചർച്ച നടത്തി.
ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംപി, സയ്യിദ് സാദിഖലി തങ്ങൾ, സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു. ഡിസിസി പ്രസിഡന്റ് വി.വി. പ്രകാശ്, യുഡിഎഫ് ചെയർമാൻ പി.ടി. അജയ് മോഹൻ, കെപിസിസി ജനറൽ സെക്രട്ടറി വി.എ. കരീം എന്നിവരോടൊപ്പമാണ് ഹസൻ പാണക്കാട്ടെത്തിയത്.
യുഡിഎഫല്ല, എൽഡിഎഫും പിണറായി സർക്കാരുമാണ് പ്രതിസന്ധിയിൽ ആടിയുലയുന്നതെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം എം.എം. ഹസൻ മാധ്യമങ്ങളോട് പറഞ്ഞു. ജോസ് കെ. മാണി പുറത്തു പോയതാണ്. കേരള കോണ്‍ഗ്രസ് രണ്ടായി പിളർന്നപ്പോഴും ഇരുവിഭാഗത്തെയും ഒരുമിച്ച് നിർത്താനായിരുന്നു യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും ശ്രമം.
യുഡിഎഫുമായുണ്ടാക്കിയ കരാർ ലംഘിച്ചിട്ടും ജോസ് പക്ഷവുമായി പലവട്ടം ചർച്ചകൾ നടത്തിയെങ്കിലും ഒന്നും ഫലവത്തായില്ല. പുറത്താക്കിയതാണെന്ന് ദുർവ്യാഖ്യാനം ചെയ്ത് രക്തസാക്ഷി പരിവേഷം നേടാനാണു ശ്രമിച്ചത്. ഇത് നേരത്തേ തന്നെ പ്ലാൻ ചെയ്തതാണെന്നു കരുതേണ്ടിയിരിക്കുന്നു. കെ.എം.മാണി ജീവിച്ചിരിക്കുന്പോൾ തന്നെ ഇടതുപക്ഷത്തേക്ക് കൊണ്ടു പോവാൻ ശ്രമം നടത്തിയിരുന്നു.
വലിയ വില നൽകിയാണ് തിരിച്ചുകൊണ്ടുവന്നത്. ഒഴിവു വന്ന രാജ്യസഭാ സീറ്റ് കോണ്‍ഗ്രസ് വിട്ടുനൽകി. ഇല്ലെങ്കിൽ കെ.എം.മാണിക്ക് ഒട്ടും താത്പര്യമില്ലെങ്കിലും ജോസ് കെ. മാണി ഇടതുപക്ഷത്തേക്ക് പോകുമായിരുന്നു. അധികകാലം ജോസ് കെ. മാണിക്ക് അവിടെ തുടരാനാവില്ല. 23-ന് യുഡിഎഫ് നേതൃയോഗം നടക്കും.
ഇതിനു ശേഷം തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുസംബന്ധിച്ച് ഉഭയകക്ഷി ചർച്ചകൾ നടക്കും. നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ചോ സീറ്റ് വിഭജനം സംബന്ധിച്ചോ യാതൊരു ചർച്ചയ്ക്കും ഇപ്പോൾ പ്രസക്തിയില്ലെന്നും എം.എം.ഹസൻ വ്യക്തമാക്കി.
യുഡിഎഫ് ഭരണ സാരഥ്യത്തിലെത്തുക തന്നെ ചെയ്യുമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. കർഷക ജനത എന്നും യുഡിഎഫിനൊപ്പമാണ്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലും യുഡിഎഫ് തരംഗം ആഞ്ഞുവീശുമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.