അന്വേഷണ ഏജൻസികൾ സർക്കാരിനെതിരെ പുകമറ സൃഷ്ടിക്കുന്നു: കാനം രാജേന്ദ്രൻ
Friday, September 25, 2020 1:10 AM IST
തിരുവനന്തപുരം: സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനായി ദേശീയ അന്വേഷണ ഏജൻസികൾ സെക്രട്ടേറിയറ്റിൽ മാത്രം ചുറ്റിക്കറങ്ങുന്നതു സംസ്ഥാന സർക്കാരിനെ സംശയത്തിന്റെ നിഴലിൽ നിർത്താനാണെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേസിൽ ഇതുവരെ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തിട്ടില്ല.
അന്വേഷണ ഏജൻസികളെല്ലാം കേന്ദ്ര സർക്കാരിനു കീഴിലുള്ളതാണ്. കേസിൽ സംസ്ഥാന സർക്കാരിന് ഒന്നും ചെയാനില്ല. എന്നാൽ അന്വേഷണത്തിന്റെ പേരിൽ സർക്കാരിനെതിരെ പുകമറ സൃഷ്ടിക്കാനാണു ശ്രമമെന്നും കാനം രാജേന്ദ്രൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
കേരള കോണ്‍ഗ്രസ് -ജോസ് കെ.മാണി വിഭാഗത്തിന്റെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് ഒരു ചർച്ചയും സിപിഐ നടത്തിയില്ല. ഇക്കാര്യത്തിൽ ജോസ് കെ. മാണിയാണു നിലപാടു വ്യക്തമാക്കേണ്ടത്. ജോസ് വിഭാഗം വലിയ പാർട്ടിയാണെന്ന അഭിപ്രായം സിപിഐക്കില്ല അദ്ദേഹം പറഞ്ഞു.